തൃശൂര്‍: കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കൊല്ലത്തെ കുടുംബക്ഷേത്രത്തില്‍ രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ക്ഷേത്രത്തിലെ ഉത്സവപരിപാടിക്ക് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ രാമകൃഷ്ണനെ ക്ഷണിക്കും. രാമകൃഷ്ണന് അന്ന് വരാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിഫലം നല്‍കിക്കൊണ്ട് അവിടെ കൊണ്ടുവരും.
അധിക്ഷേപ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ താന്‍ കക്ഷി ചേരുന്നില്ല. സര്‍ക്കാരിനെതിരായ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമുണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.
”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’– സത്യഭാമ അഭിമുഖത്തിൽ പറയുന്നു.