ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ലോകത്താദ്യമായി മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഇത്തരമൊരു അത്യപൂർവ നേട്ടം സ്വന്തമാക്കിയത്.
അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിലാണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചത്. ഇയാൾ ഏറെക്കാലമായി വ്യക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവമൂലം വലഞ്ഞിരുന്ന റിച്ചാർഡിന് 2018ലാണ് വൃക്കരോഗത്തെ തുടർന്ന് മനുഷ്യന്റെ വൃക്ക മാറ്റിവച്ചത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. തുടർന്ന് ഡയാലിസിസ് തുടങ്ങുകയും ചെയ്തു.
പന്നിയുടെ വൃക്കയിൽ നിന്ന് ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് മനുഷ്യനിൽ വച്ച് പിടിപ്പിച്ചത്. റിച്ചാർഡ് സുഖം പ്രാപിച്ച് വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്നും ആരോഗ്യരംഗത്തെ നാഴികകല്ലായി ഈ ശസ്ത്രക്രിയ മാറുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകമെമ്പാടും അവയവദാനത്തിന് പലതരം തടസങ്ങള്‍ നേരിടുന്നുണ്ടെന്നും അതിനെ മറികടക്കാന്‍ ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.