കടുത്തുരുത്തി: ഓട്ടം പോകുന്നതിനായി വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഗൃഹനാഥന് വീടിനുള്ളില്‍ തുങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് അറുനൂറ്റിമംഗലത്താണ് സംഭവം. റബര്‍വെട്ടു തൊഴിലാളിയായ അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസാ (48) ണു തൂങ്ങി മരിച്ചത്.
അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെഎസ് പുരം വടക്കേകണ്ണംകരയത്ത് വി. എസ്. പ്രഭാതി(40) നാണ് കുത്തേറ്റത്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് – ടാപ്പിംഗ് തൊഴിലാളിയായ ഷിബു ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രഭാതിനെ ഓട്ടം പോകുന്നതിനായി വീട്ടിലേക്ക് വിളിച്ചു വരുത്തി.
വീട്ടിലെത്തിയ പ്രഭാതുമായി സംസാരിക്കുന്നതിനിടെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തുകയായിരുന്നു. നെഞ്ചിന് സമീപം കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് ഇവിടെനിന്നു രക്ഷപ്പെട്ടു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കൈയാലയ്ക്കും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചുകയറിനിന്നു.
കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പ്രഭാതിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി വീട്ടില്‍നിന്ന് പോയ ഉടന്‍ ഷിബു വീടിനുള്ളില്‍ പ്രവേശിച്ചു തൂങ്ങി മരിക്കുകയായിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷിബു, പ്രഭാതിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഷിബുവിന്റെ മൃതദേഹം വെള്ളൂര്‍ പോലീസെത്തി മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ ഭാര്യ ഷീബ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്ന് ജോലി സ്ഥലത്തേക്കു മടങ്ങി പോകാനിരിക്കുകയായിരുന്നു. ആഷ്ന, അലീന എന്നിവരാണ് ഷിബുവിന്റെ മക്കള്‍. സംസ്കാരം പിന്നീട്.