തിരുവനന്തപുരം: രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റോടു കൂടി ജനാധിപത്യ രീതിയിൽ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായും രമേശ് ചെന്നിത്തല പറഞ്ഞു.
ആയിരം കോടി ഇലക്ടറൽ ബോണ്ട് വഴി അഴിമതി നടത്തിയ ബിജെപിയാണ് അഴിമതി ആരോപണം ഉയർത്തി അർധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിലെ അന്വേഷണ ഏജൻസികൾ ബിജെപി യുടെ ചട്ടുകമായി മാറിയിരിക്കുന്നത് നിർഭാഗ്യകരമാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള അറസ്റ്റ് നാടകം ബിജെപിക്ക് തന്നെ ബുമറാങ്ങാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
വിഷയത്തിൽ അടിയന്തിരമായി സുപ്രീം കോടതി ഇടപെടണം- രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ അഴിമതിക്കാരുടെ കൂടാരമായി മാറിയ ബിജെപി സർക്കാർ ചരിത്രത്തിൽ ആദ്യമായി അഴിമതിക്കേസിൽ രാജ്യത്തെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് തോൽവി മുന്നിൽ കണ്ടുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.