സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചു നിർമിച്ച തുറമുഖം കാഴ്ചവസ്തുവായി മാറുന്നു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമാകേണ്ട തോട്ടപ്പള്ളി തുറമുഖത്തിനാണ് ഈ ദുരവസ്ഥ. പൊഴിമുഖം മണലടിഞ്ഞു കയറിയതിനാൽ വലിയ ലയ് ലൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞതിനാൽ ഇത്തരം ലയ് ലൻഡ് വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു. തോട്ടപ്പള്ളി തുറമുഖം പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ ഇത്തരം വള്ളങ്ങൾ തുറമുഖത്തേക്ക് മാറ്റാൻ കഴിയുമായിരുന്നു.
15 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച, മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ഈ ഹാർബർ പ്രവർത്തനം തുടങ്ങി 3 വർഷം പിന്നിട്ട് 2014ൽ പ്രവർത്തന രഹിതമായി. പൊഴിമുഖത്ത് മണലടിഞ്ഞു കയറി തുറമുഖത്ത് മണൽ നിറഞ്ഞതോടെ വലിയ ലയ് ലൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാതായി.
ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം എങ്ങും എത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐആർഇക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിന്നീട് വിവാദമായ കരിമണൽ ഖനനവും തോട്ടപ്പള്ളിയിൽ ആരംഭിച്ചത്. ഇപ്പോൾ ചെറിയ ഡിസ്ക്കോ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്. തികച്ചും അശാസ്ത്രീയ രീതിയിൽ നിർമാണം നടത്തിയതിലൂടെ ഖജനാവിലെ കോടികളാണ് പാഴായത്.
വെറും മണലൂറ്റ് കേന്ദ്രമായി മാത്രം തോട്ടപ്പള്ളി തുറമുഖം മാറി. 200 ഓളം ലയ് ലൻഡ് വള്ളങ്ങൾക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപകൽപ്പന ചെയ്തത്.എന്നാൽ തുറമുഖമാകെ മണലടിഞ്ഞതോടെ വലിയ വള്ളങ്ങൾക്ക് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. പുലിമുട്ട് നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്.