കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ആള്‍ക്കൂട്ട വിചരണയെത്തുടര്ന്ന് ജീവനൊടുക്കിയ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ തുടര്‍ച്ചയായി എട്ടുമാസം റാഗ് ചെയ്തതായി ആന്റി റാഗിംഗ് സ്ക്വാഡിന്റെ കണ്ടെത്തല്‍. സിദ്ധാര്ഥന് ഇക്കലമത്രയും കോളജ് യുണിയന്‍ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ കെ. അരുണിന്റെ ഹോസ്റ്റല്‍ മുറിയില്‍ രാവിലെയും വൈകുന്നേരവും എത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം വര്‍ഷത്തില്‍ വാഴ്സിറ്റിക്കു പുറത്താണ് സിദ്ധാര്ഥന് താമസിച്ചിരുന്നത്. രണ്ടാം വര്‍ഷമായപ്പോഴാണ് വാഴ്സിറ്റിയുടെ ഹോസ്റ്റലിലേക്കു താമസംമാറ്റിയത്. അന്നുമതല്‍ തന്റെ മുറിയിലെത്തി രാവിലെയും വൈകുന്നേരവും റിപ്പോര്‍ട്ട് ചെയ്യാന്‍ അരുണ്‍ നിര്‍ദേശിച്ചിരുന്നു. ഭയം കാരണം സിദ്ധാര്ഥന് അതനുസരിച്ചു.
എല്ലാ ദിവസവും മുറിയിലെത്തി ഒപ്പിട്ടിരുന്നതായാണ് കണ്ടെത്തല്‍. അരുണിന്റെ മുറയില്വച്ചു പലതവണ നഗ്നനാക്കി റാഗ് ചെയ്തിട്ടുണ്ടെന്ന് സിദ്ധാര്ഥന് പറഞ്ഞതായി സഹപാഠികള്‍ സ്ക്വാഡിനു മൊഴി നല്‍കിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മൊഴിയുണ്ട്.
കാമ്പസില്‍ ഹീറോ ആയിരുന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കാന്‍ കോളജ് യൂണിയന് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായി ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടിലുണ്ട്.സര്‍വകലാശാലയിലെ ചില സെക്യൂരിറ്റി ജീവനക്കാര്‍ ഭയം കാരണം സ്ക്വാഡിനു മൊഴി നല്കാന് തയാറായിട്ടില്ല.
റാഗിംഗിനു നേരിട്ട് ദൃക്സാക്ഷികളായിട്ടുള്ള ഇവര്‍ ഭയം കാരണം പുറത്തുപറയാന്‍ മടിക്കുകയാണ്.സിദ്ധാര്ഥന് മരിച്ചശേഷം ആ ഹോസ്റ്റലിലെ കുക്ക് ജോലി രാജിവച്ചുപോയ സംഭവവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.