തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക് അനുസരിച്ച് കേരളത്തിലെ വോട്ടർമാരിൽ (18 വയസിനു മുകളിലുള്ളവർ) 1,000 പുരുഷൻമാർക്ക് 1,069 സ്ത്രീകൾ. ആകെയുള്ള 2.72 കോടി (2,72,80,160) വോട്ടർമാരിൽ പുരുഷ വോട്ടർമാർ 1.31 കോടി (1,31,84,573) മാത്രമെങ്കിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം 1.40 (1,40,95,250) കോടിയിലെത്തി.
പുരുഷൻമാൻ 48.33 ശതമാനമെങ്കിൽ സ്ത്രീകൾ 51.67 ശതമാനമായി ഉയർന്നു. സ്ത്രീ- പുരുഷ അനുപാതം ഗണ്യമായി ഉയർന്നുവെന്നതും പ്രത്യേകതയാണ്.
സംസ്ഥാനത്തെ വോട്ടർമാരിൽ 40നും 49നും മധ്യേ പ്രായമുള്ളവരാണു കൂടുതൽ. മൊത്തം വോട്ടർമാരുടെ 21.38 ശതമാനം വരുമിത്. തൊട്ടുപിന്നാലെ 30- 39 വയസിന് ഇടയിലുള്ളവരാണ്. 19.75 ശതമാനം പേർ. 50നും 59നും മധ്യേ പ്രായമുള്ളവർ 18.72 ശതമാണ്.
എന്നാൽ, 20നും 29നും മധ്യേ പ്രായമുള്ളവരായ യുവതീയുവാക്കൾ മൊത്തം വോട്ടർമാരിൽ 15.73 ശതമാനം മാത്രമേയുള്ളു.കന്നി വോട്ടർമാരായ 18നും 19നുമിടയിൽ പ്രായമുള്ളവർ 1.38 ശതമാനമാണ്.
അതായത് ഇവരുടെ എണ്ണം 3.70 ലക്ഷം മാത്രമാണ്. 60നും 69നുമിടയിൽ പ്രായമുള്ളവരാകട്ടെ 13.54 ശതമാനം വരും. 85 വയസു പിന്നിട്ട 2,49,960 വോട്ടർമാരുണ്ടെന്നും കമ്മീഷന്റെ ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 100 വയസ് പിന്നിട്ട 2,999 വോട്ടർമാരും കേരളത്തിലുണ്ട്.പ്രവാസി വോട്ടർമാരായി 88,384 പേരുണ്ട്. സർവീസ് വോട്ടർമാരുടെ എണ്ണം 57,493 പേരാണ്.
കെ. ഇന്ദ്രജിത്ത്