കോട്ടയം: 11 പേര്‍ക്കു ജീവൻ നഷ്ടമായ താഴത്തങ്ങാടി ബസ് ദുരന്തത്തിന്റെ ഓര്‍മയ്ക്കു പതിനാലു വയസ്. 2010 മാര്‍ച്ച് 23നു തിരുനക്കര പകല്‍പ്പൂര ദിനത്തിലായിരുന്നു വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ചയില്‍ അറുപുഴയാറ്റിലേക്ക് മറിഞ്ഞത്.
ചേര്‍ത്തലയില്‍നിന്നു കോട്ടയത്തേക്കുള്ള പിടിഎസ് ബസ് ഉച്ചയ്ക്ക് 2.15നാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ ചെളിത്തട്ടില്‍ മുങ്ങിത്താഴ്ന്ന ബസ് മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ഉയര്‍ത്താനായത്.
ചേർത്തലയിൽ നിന്ന് നിറയെ യാത്രക്കാരുമായി എത്തിയ ബസ് അറുപറ ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. കുമരകത്തേക്കുള്ള ഈ പാതയില്‍ ഇപ്പോഴും അപകടം പതിയിരിക്കുന്നു. പലയിടങ്ങളിലും മുന്നറിയിപ്പു ബോര്‍ഡുകളുമില്ല.