ഉത്സവ സീസൺ തുടങ്ങിയതോടെ ആനകളും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കാട്ടാനകളുടെ ആക്രമണത്തിൽ വിറച്ചു നിൽക്കുമ്പോഴാണ് നാട്ടിലെ ആനകൾ ഉത്സവത്തിനെത്തി ഇടയുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുന്നത്. ആറാട്ടുപുഴ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവമാണ് ഇതിൽ അവസാനത്തേത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആറാട്ടുപുഴയിൽ നിന്നുള്ള ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.
രണ്ട് ആനകൾ ഉത്സവത്തിന് ഇടയിൽ പരസ്പരം കൊമ്പുകോർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവം നടന്ന സമയത്ത് ആന സ്ക്വാഡ് അംഗങ്ങൾ എത്തി അവയെ വേർപെടുത്താൻ ശ്രമിച്ചതിനാൽ വലിയ ദുരന്തം തന്നെയാണ് ഒഴിവായത്. അയതിനാൽ ആളപായമുണ്ടായില്ല.
എക്സിൽ പങ്കുവെച്ച വൈറലായ വീഡിയോയിൽ, ആറാട്ടുപുഴ ക്ഷേത്രത്തിൽ ആറാട്ടു ചടങ്ങുകൾക്കായി ആനകളെ നെറ്റിപ്പട്ടം കെട്ടി ഒരുക്കി നിർത്തിയിരിക്കുന്നത് കാണാം. പെട്ടെന്ന് ഒരു ആന സ്വയം കറങ്ങാൻ തുടങ്ങുകയും നിമിഷങ്ങൾക്കകം അടുത്തുള്ള മറ്റൊരു ആനയുടെ നേരെ അക്രമിക്കാനായി എത്തുകയും ചെയ്യുന്നു.
ആനയുടെ ആക്രമണത്തിന്റെ ശക്തിയിൽ എതിരെ നിന്ന ആന അൽപ്പം പിന്നോട്ട് പോകുന്നു. തുടർന്നും ആക്രമിക്കുന്നു. പിന്നാലെ ജനക്കൂട്ടം ചിതറി ഓടാൻ തുടങ്ങുകയും ചെയ്യുന്നു. ഗുരുവായൂർ രവികൃഷ്ണനാണ് ഉത്സവ ചടങ്ങുകൾക്കിടെ ഇടഞ്ഞത്. ശ്രീകുമാരൻ എന്ന കൊമ്പനുമായി മല്ലിടാൻ രവികൃഷ്ണൻ ശ്രമിച്ചുവെങ്കിലും ആളപായമില്ലാതെ സ്ഥിതിഗതികൾ അത്ഭുതകരമായി നിയന്ത്രണവിധേയമാക്കി.