അമ്പലപ്പുഴ: രോഗം മൂർച്ഛിച്ച രോഗിക്ക് ഐസിയു ലഭിക്കാതിരുന്നതിനെത്തുടർന്ന് മരണം സംഭവിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഫിഷർമെൻ കോളനിയിൽ ചന്ദ്രൻ (67) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെത്തുടർന്ന് കഴിഞ്ഞ എട്ടു മുതൽ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്നലെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഡോക്ടർ മെഡിസിൻ ഐസിയുവിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം കിടക്ക ലഭിച്ചെങ്കിലും രോഗി ഉടൻ തന്നെ മരിച്ചു.
ഐസിയുവിൽ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കിൽ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിലെ മെഡിസിൻ ഐസിയുവിലെ എസി തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമർജൻസി ഐസിയുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ട് കിടക്കകൾ മാത്രമാണുള്ളത്. ഇതാണ് രോഗികളെ ഏറെ വലയ്ക്കുന്നത്. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീമോൻ, ശ്രീജ. മരുമകൾ: കൃഷ്ണ.