തൃശൂർ: പൂങ്കുന്നത്തെ മുരളിമന്ദിരത്തിലേക്ക് കെ. മ ുരളീധരനെത്തി. തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിട്ടല്ല; കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായിട്ട്…അമ്മ കല്യാണിക്കുട്ടിയമ്മയുടെ 31-ാം ചരമവാർഷികദിനത്തിൽ മുരളിമന്ദിരത്തിലെ സ്മൃതിമണ്ഡപത്തിൽ ഓർമപ്പൂക്കളർപ്പിച്ചു പ്രാർഥിക്കാൻ.
ഇന്നുരാവിലെ മുരളിമന്ദിരത്തിലെത്തിയ മുരളി സ്മൃതിമണ്ഡപത്തിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി. പിന്നീട് ഓർമകളുറങ്ങുന്ന വീടിനകത്ത് അച്ഛൻ കെ.കരുണാകരന്റെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നിലും ദീപം കൊളുത്തി പ്രാർഥിച്ചു.
തൃശൂർ ലോക്സഭമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ മുരളി തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോൾ സിപിഎമ്മിനും ബിജെപിക്കുമെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. എൽഡിഎഫ് ബിജെപിക്ക് വോട്ടുമറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എൽഡിഎഫും ബിജെപിയും തമ്മിൽ ഏതൊക്കെ ഡീൽ നടന്നാലും കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾ യുഡിഎഫിനെ ഏറ്റെടുത്തു കഴിഞ്ഞു. ഇടതുപക്ഷത്തിന് നിലപാടില്ല. അതുകൊണ്ടാണ് കേരളത്തിൽ അവർ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്നത്. രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പമാണെന്നും മുരളി ചൂണ്ടിക്കാട്ടി.
രാജസ്ഥാനിൽ കോണ്‍ഗ്രസ് നൽകിയ സീറ്റ് സ്വീകരിച്ചുകൊണ്ടാണ് കേരളത്തിൽ സിപിഎം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുന്നത്. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമാണെങ്കിൽ രാജസ്ഥാനിൽ എന്തിന് കോണ്‍ഗ്രസുമായി സഖ്യം ചേർന്നുവെന്ന് മുരളി ചോദിച്ചു. ദേശീയ നയമില്ലാത്ത മുന്നണിയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയെക്കുറിച്ച് ഒന്നും പറയാത്ത മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയാണ് കുറ്റം പറയുന്നത്. മോദിയെ കുറ്റം പറഞ്ഞാൽ സ്വന്തം കുടുംബം അകത്താകും എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും മുരളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾ ജനം അവജ്ഞയോടെ തള്ളിക്കളയുമെന്നും മുരളി കൂട്ടിച്ചേർത്തു.