പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ സംസ്ഥാന നേതൃത്വം ഇടപെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുൻ മന്ത്രി തോമസ് ഐസക്കിന്റെ പ്രചാരണത്തിലെ പോരായ്മകളെച്ചൊല്ലിയാണ് ഇന്നലെ രാത്രി നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്പോരും തമ്മിലടിയുമുണ്ടായത്.
സംഘർഷത്തിനിടെ മുന്‍ എംഎല്‍എ കൂടിയായ ആറന്മുളയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളി. സംഭവത്തിൽ പ്രതിഷേധിച്ചു പത്മകുമാർ പ്രചാരണച്ചുമതലകള് ഒഴിഞ്ഞു. മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിനു മാനക്കേടായ സംഭവം.
തെരഞ്ഞെടുപ്പ് പ്രചാരണ അവലോകനത്തിനായാണ് ഇന്നലെ രാത്രി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ആറന്മുള മണ്ഡലത്തിന്റെ പ്രചാരണച്ചുമതലയുള്ള മുന്‍ എംഎല്‍എ പദ്മകുമാര്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ സംസാരിച്ചിരുന്നു. ഈ നിലയില്‍ പോയാല്‍ തോമസ് ഐസക് പരാജയപ്പെടുമെന്നും സെക്രട്ടേറിയറ്റിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെ നിശബ്ദരാണെന്നും അദ്ദേഹം ആരോപിച്ചു. അടൂരില്‍നിന്നുള്ള ട്രേഡ് യൂണിയന് നേതാവായ ഹര്‍ഷകുമാറിനെ ഈ വിമർശനം ചൊടിപ്പിച്ചു.
യോഗത്തില്‍ പൊട്ടിത്തെറിച്ച അദ്ദേഹം പ്രചാരണരംഗത്തെ പോരായ്മകളുടെ പേരില്‍ മുന്‍ എംഎല്‍എയ്ക്കെതിരേ തിരിഞ്ഞു. തുടർന്ന് ഇരുവരും തമ്മില്‍ യോഗത്തില്‍ വാക്പോരുണ്ടായി. ഇതിനിടെ താന്‍ ചുമതല ഒഴിയുകാണെന്നു പത്മകുമാർ പറഞ്ഞു. യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകാനും ശ്രമിച്ചു.
യോഗം അവസാനിച്ചതിനു പിന്നാലെയാണു ഹര്‍ഷകുമാര്‍, പത്മകുമാറിനെ തോളില്‍ പിടിച്ചു തള്ളിയതെന്നു പറയുന്നു. അപ്രതീക്ഷിതമായ കൈയേറ്റത്തില്‍ ക്ഷുഭിതനായ പത്മകുമാർ താന്‍ ഇനി ഇങ്ങോട്ടില്ലെന്നും ചുമതലകള്‍ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. മന്ത്രി വി.എന്‍. വാസവനെ നേരിട്ടും സംസ്ഥാന സെക്രട്ടറിയെ ഫോണില്‍ വിളിച്ചും ഇക്കാര്യം അറിയിച്ചു. പിന്നീട് ഫോൺ ഓഫ് ചെയ്ത് ഓഫീസിൽനിന്നു മടങ്ങി. ഹര്‍ഷകുമാറും ഉടൻ സ്ഥലംവിട്ടു.
സംഭവം രാത്രിയില്‍തന്നെ പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. ഇരു സെക്രട്ടേറിയറ്റംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നടപടിയിലേക്ക് എന്ന സൂചനയും ഇതിനിടെ പുറത്തുവന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലയളവായതിനാല്‍ നടപടി ഉടനുണ്ടാകില്ലെന്നാണു സൂചന. ജില്ലാ സെക്രട്ടറിയോടു വിശദീകരണം ചോദിച്ചിട്ടുണ്ട്.
അതേസമയം, പത്തനംതിട്ടയിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തമ്മിലടിയുണ്ടായെന്ന പ്രചാരണം നേതാക്കള്‍ നിഷേധിച്ചു. ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നു ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി. ഹര്‍ഷകുമാറും പത്മകുമാറും പത്രസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ സ്വാഭാവികമാണെന്നും അവർ പറഞ്ഞു. മന്ത്രി വാസവനും സംഭവം നിഷേധിച്ചു രംഗത്തെത്തി.
തര്‍ക്കങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി
പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ സ്ഥാനാര്‍ഥിയാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് സെക്രട്ടേറിയറ്റിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവരാന്‍ കാരണമെന്നു പറയുന്നു. പത്തനംതിട്ടയില്‍നിന്നുള്ള സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഒരു വിഭാഗത്തിനുണ്ടായിരുന്നത്.
പാര്‍ട്ടിയിലെ അടൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന ഈ വിഭാഗം മുന്നോട്ടുവച്ച നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രാജു ഏബ്രഹാമിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുകയും അടുത്ത സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം തങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെ കൈപ്പിടിയിലാക്കുകയുമെന്നതായിരുന്നു ഈ വിഭാഗത്തിന്റെ ലക്ഷ്യം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെ പിന്തുണയോടെയായിരുന്നു കരുനീക്കങ്ങളെന്നും പറയുന്നു.
എന്നാല്‍ തോമസ് ഐസക്കിനെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എ. പത്മകുമാറിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലെ മറ്റൊരു വിഭാഗം പിന്തുണയുമായി രംഗത്തെത്തി. ഐസക് വന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രചാരണ ജോലികളും ഈ സംഘം ഏറ്റെടുത്തു. തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ സംഘാടനച്ചുമതലയും ഈ വിഭാഗത്തിനായിരുന്നു.
എന്നാൽ, പി.ബി. ഹര്‍ഷകുമാര്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവിനു പിന്നാലെ ഐസക്കിന്റെ പ്രചാരണച്ചുമതലയില്നിന്ന് ഒഴിഞ്ഞതായി പറയുന്നു. ഇതാണ് എതിര്‍വിഭാഗത്തെ ചൊടിപ്പിച്ചത്. അടൂര്‍ മണ്ഡലത്തില്‍ തോമസ് ഐസക് പങ്കെടുത്തു നടത്തിയ മുഖാമുഖം അടക്കമുള്ള പരിപാടികളിലെ പോരായ്മകളാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായത്.