മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്റെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞതിനെത്തുടർന്നു കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. തലയ്ക്ക് നേരത്തെ മര്‍ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദനമേറ്റത് മരണത്തിന് കാരണമായി. കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തില്‍ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
കുട്ടിയെ മുഹമ്മദ് ഫായിസ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഫായിസ് നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ഷഹാനത്തും മകളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.
നേരത്തെ ഫായിസിനെതിരേ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഷഹാനത്തിനെയും കുഞ്ഞിനേയും ഉപദ്രവിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി എന്നു പറഞ്ഞാണ് ഫായിസ് കുട്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചത്.