കോട്ടയം: റബര്‍ ഉത്പാദനം നാമമാത്രമായിരിക്കെയും വിദേശവില കുറഞ്ഞു എന്ന കാരണത്താല്‍ റബര്‍ ബോര്‍ഡ് ആഭ്യന്തര വില ഇടിച്ചു. വിദേശവില 228 രൂപ വരെ ഉയര്ന്നതിനുശേം 212 രൂപയിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് 188 രൂപ വരെ ഉയര്‍ന്ന ആഭ്യന്തര വില 180 രൂപയിലേക്ക് റബര്‍ ബോര്‍ഡ് താഴ്ത്തി. കഴിഞ്ഞയാഴ്ച കോട്ടയം മാര്‍ക്കറ്റില്‍ 500 ടണ്ണില്‍ താഴെയാണു ഷീറ്റ് ലഭിച്ചത്.
പെസഹ, ദുഖഃവെള്ളി ചടങ്ങുകളുടെ പശ്ചാത്തലത്തല് ഈ ആഴ്ചത്തെ വ്യാപാരം നാളെ അവസാനിക്കും. ചരക്കു വരവു കുറഞ്ഞതിനാല്‍ നിലവില്‍ ആഭ്യന്തര വില 200 രൂപയ്ക്ക് മുകളില്‍ എത്തേണ്ടതാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനഃരാരംഭിക്കും. ഉത്പാദനം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വില വീണ്ടും ഇടിയും. ഷേഡ്, പ്ലാസ്റ്റിക്, പശ എന്നിവ വാങ്ങാന്‍ സബ്സിഡി അനുവദിക്കുന്ന സ്കീം ഇക്കൊല്ലമുണ്ടാകുമോ എന്നതും വ്യക്തമല്ല.
നിലവിലെ സാഹചര്യത്തില്‍ വിദേശവില താഴ്ച ആഭ്യന്തരവിലയെ സ്വാധീനിക്കുന്ന ഘടകമല്ല. റബര്‍ ബോര്‍ഡിന്റെ ഷീറ്റ് കയറ്റുമതി നീക്കം വന്‍പരാജയത്തില്‍ കലാശിച്ചതോടെ വില ഉയരാനുള്ള സാധ്യത പരിമിതമായി. അര ലക്ഷം ടണ്ണോളം സ്റ്റോക്കുണ്ടായിരിക്കെ ഒരു ടണ്‍ പോലും കയറ്റുമതി ചെയ്യാന്‍ ബോര്‍ഡിനു സാധിച്ചില്ല.