പുന്നപ്ര: വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫര്‍ ലെറ്റര്‍ നല്കി വിദേശത്ത് എത്തിച്ച ശേഷം ജോലി നല്‍കാതെ വഞ്ചിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍.
തൃശൂര്‍ ചിറനല്ലൂര്‍ കേച്ചേരി സ്വദേശി പ്രദീപ് വിഹാര്‍ തിയോളി വില്ലേജില്‍ അശോകന് എന്നുവിളിക്കുന്ന മുഹമ്മദ് ആഷിഖ് (51) ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സ്ക്വാഡ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
2022 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെയുള്ള കാലയളവില്‍ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പ് നടന്നത്. പ്രതി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. ജില്ലയില്‍ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്.
പഴുതുകൾ അടച്ച്
വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി പരിചയപ്പെടുന്ന പ്രതി താന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാര്‍ഥികളുടെ വിശ്വാസം നേടിയെടുക്കും. നാട്ടുകാരായ പലര്‍ക്കും കമ്പനിയില്‍ ഉന്നത ജോലി നല്‍കാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതി യൂട്യൂബ് വീഡിയോസിന്റെ സഹായത്താല്‍ പോലീസില്‍നിന്ന് രക്ഷപ്പെടുവാനുള്ള മുന്‍കരുതുകള്‍ മനസിലാക്കിയിരുന്നു. വിദേശത്ത് പോയി ജോലി ചെയ്തുള്ള അനുഭവസമ്പത്ത് പ്രതിക്ക് മുതല്‍ക്കൂട്ടായി. തന്നിലേക്ക് തെളിവുകള്‍ ഒന്നും തന്നെ അവശേഷിപ്പിക്കാതെ യായിരുന്നു പ്രതിയുടെ നീക്കങ്ങള്‍. കോഴിക്കോട്, ചെന്നൈ, മാങ്ങാട്, ബംഗളൂരു കൊരമംഗല ഭാഗത്തും താമസിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് പ്രതി താമസിച്ചുവന്നിരുന്ന സേലം ഭാഗത്തുള്ള വാടക വീടും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു.
മറ്റ് തട്ടിപ്പുകള്‍
പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നു പ്രതി അല്‍ മുര്‍ത്തസ എന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്താനായി നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായും തെളിഞ്ഞു. പ്രതി പേള്‍സ് ഗ്രൂപ്പ് ഹോട്ടല്‍, അല്‍ഹദീര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.
പ്രതിക്കെതിരേ പുന്നപ്ര പോലീസ് സ്റ്റേഷനില്‍ നിലവില്‍ ആറോളം കേസ് രജിസ്റ്റര്‍ ചെയ്തട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഏഴോളം കൂട്ടപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മറ്റ് സഹായികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. അമ്പലപ്പുഴ ഡിവൈഎസ്പി കെ.ജി. അനീഷിന്റെ കീഴില്‍ ഇന്‍സ്പെക്ടര്‍ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.