പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അവലോകനത്തിനിടെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ വാക്പോര് കൈയാങ്കളി വരെ പോയിട്ടില്ലെന്ന വിശദീകരണം നേതാക്കള്‍ക്കു ബാധ്യതയായി മാറുന്നു. യോഗത്തില്‍ നിരീക്ഷകനായിരുന്ന മന്ത്രി വി.എന്‍. വാസവന് നല്കിയ റിപ്പോര്‍ട്ടിൽ വാക്പോരും പിടിച്ചുതള്ളലും ഉണ്ടായെന്നുള്ളതായി സൂചനയുണ്ട്.
പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ എ. പത്മകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതും സംഭവത്തെത്തുടര്‍ന്ന് ആരോപണവിധേയരായവരെ ഫോണില്‍പോലും കിട്ടാതായതും റിപ്പോർട്ടിലുള്ളതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്തുകൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിളിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവത്തില്‍ നടപടി ഉണ്ടാകും.
ജില്ലാ സെക്രട്ടേറിയറ്റില്‍ കൈയാങ്കളി ഉണ്ടായെന്ന പ്രചാരണം മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഇന്നലെ നിഷേധിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വാക്കുതര്‍ക്കം ഉച്ചത്തിലായെന്ന് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നായിരുന്നു ഇവരുടെ വിശദീകരണം. കൈയാങ്കളി ആരോപണം നിഷേധിക്കുമ്പോഴും സംഭവം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പുറംലോകത്തെത്തിയതാണ് പ്രാഥമികതലത്തില്‍ അന്വേഷിക്കുന്നത്. വിഷയം മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത് സെക്രട്ടേറിയറ്റിലെ പ്രമുഖന്തന്നെയെന്ന നിഗമനത്തിലാണു നേതൃത്വം.
തിങ്കളാഴ്ച രാത്രി നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ വാക്പോരിനേ തുടര്‍ന്ന് മുന്‍ എംഎല്‍എ കൂടിയായ എ. പത്മകുമാറിനെ സിഐടിയു ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പിടിച്ചുതള്ളിയെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നത്. സംഭവം പാർട്ടിക്കു ഏറെ മാനക്കേടായ സാഹചര്യത്തിൽ സംസ്ഥാന നേതാക്കള്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്നാണ് പത്മകുമാറിനെയും ഹര്‍ഷകുമാറിനെയും ഒപ്പമിരുത്തി ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധപ്രസ്താവന നടത്തിയത്.
എന്നാല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെങ്കില്‍ പത്മകുമാറിനെയും ഹര്‍ഷകുമാറിനെയും ആളെവിട്ടു വിളിപ്പിച്ച് ജില്ലാ സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ കണ്ടത് എന്തുകൊണ്ടെന്നതിലും വിശദീകരണമില്ല. സെക്രട്ടേറിയറ്റില്‍ ഉണ്ടായതായി പറയുന്ന വിഷയങ്ങള്‍ വ്യാജ വാര്‍ത്തയാണെന്നും നിയമനടപടി വരുമെന്നും പറഞ്ഞ ജില്ലാ സെക്രട്ടറി, യോഗത്തിലെ ചര്‍ച്ച ഉച്ചത്തിലായിട്ടുണ്ടാകാമെന്നു സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കുമോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയും ഉണ്ടായില്ല. ഇതിനിടെ തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ എ. പത്മകുമാര്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന.
ഐസക്കിനും കടുത്ത അസംതൃപ്തി
പത്തനംതിട്ട: സപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ അസാധാരണ സംഭവവികാസങ്ങളിലും ഇതേച്ചൊല്ലിയുണ്ടായ ചര്‍ച്ചകളിലും കടുത്ത അസംതൃപ്തിയുമായി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കിയതിനെ കടുത്ത ഭാഷയിലാണ് തോമസ് ഐസക് നേതാക്കളോടു സംസാരിച്ചതെന്ന് പറയുന്നു.
നേതാക്കളുടെ ഇത്തരം ചെയ്തികള്‍ അണികളിലെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക് മത്സരിക്കുന്ന മണ്ഡലത്തില്‍ സംസ്ഥാന തലത്തില്‍നിന്നു വേണ്ടത്ര ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ഒരു വിഭാഗത്തിനുണ്ട്.
അതിനിടെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഏപ്രില്‍ ആദ്യവാരം പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും. മുഖ്യമന്ത്രിയുടെ പ്രചാരണയോഗങ്ങളെ സംബന്ധിച്ച വിഷയമാണ് സെക്രട്ടേറിയറ്റില്‍ രൂക്ഷമായ വാക്പോരിനു കാരണമായത്.