മുട്ടം: റോഡിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. മുട്ടം പുളിക്കാട്ട് റെജി(40)നെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ബെന്നി ജോണിന്റെ മാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ മുട്ടത്ത് എത്തിയ ബെന്നി അസ്വസ്ഥതകളെ തുടർന്നു റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന റെജിൻ ഉടൻ തന്നെ ബെന്നിയെ മുട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ബെന്നിയുടെ കഴുത്തിൽ കിടന്ന മാല റെജി കൈവശപ്പെടുത്തുകയായിരുന്നു.
മാല നഷ്ടപ്പെട്ടതിനെ തുടർന്നു ബെന്നി മുട്ടം സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.