ന്യൂഡൽഹി: മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിലായ സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇതുസംബന്ധിച്ചു ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന നിയമോപദേശം തേടി.
മുഖ്യമന്ത്രി അറസ്റ്റിലായത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണു നിയമോപദേശമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നൽകിയേക്കുമെന്നുമാണു റിപ്പോർട്ടുകൾ.
ഇഡി കസ്റ്റഡിയിൽ കഴിയുന്ന കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി ഭരണം തുടരുന്നതിനെതിരേ ലഫ്റ്റനന്റ് ഗവർണർക്കു ബിജെപി പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിൽ ഇരുന്ന് ഭരിക്കുന്നത് അധികാര ദുർവിനിയോഗം ആണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി നല്‍കിയത്.
കേജരിവാളിനെതിരേ പോലീസിലും ബിജെപി പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെ ജലവിതരണവും സൗജന്യ മരുന്നു വിതരണവുമായി ബന്ധപ്പെട്ട് കേജരിവാൾ കസ്റ്റഡിയിലിരുന്ന് ഉത്തരവുകൾ പുറത്തിറക്കിയിരുന്നു.
ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജൻഡാലും ലഫ്. ഗവർണർക്ക് പരാതി നൽകി. എന്നാൽ കേജരിവാൾ രാജിവയ്ക്കേണ്ടതില്ലെന്നാണ് ആംആദ്മി പാർട്ടി (എഎപി) നിലപാട്.ഡൽഹി ഹൈക്കോടതി അരവിന്ദ് കേജരിവാളിന് ഇന്നലെ ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ഇഡിയുടെ മറുപടി കേൾക്കാതെ ഇടക്കാല ജാമ്യം നൽകാൻ സാധിക്കില്ലെന്നാണു ജസ്റ്റീസ് സ്വരണകാന്ത ശർമ വ്യക്തമാക്കിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇതുസംബന്ധിച്ച് നോട്ടീസും നൽകി. കേജരിവാളിന്റെ ഹർജിയിൽ ഏപ്രിൽ മൂന്നിന് ഹൈക്കോടതി വിശദവാദം കേൾക്കും.അതേസമയം, ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരവിന്ദ് കേജരിവാളിനെ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും.
പണം ആർക്കു പോയെന്നു തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നു കേജരിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കേജരിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് വന്നു. നിയമ നടപടികൾ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്ന് അമേരിക്കയുടെ വിദേശകാര്യ വക്താവ് മാത്യു മില്ലർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിനുശേഷമാണ് യുഎസ് പ്രസ്താവന ആവർത്തിച്ചത്.