പെറുവില്‍ കണ്ടെത്തിയ ഡോള്‍ഫിന്റെ തലയോട്ടിയുടെ ഫോസിലിനു 16 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു ഗവേഷകർ. നാപോ നദിയില്‍ നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റി സ്പോണ്സര് ചെയ്ത പര്യവേഷണത്തിനിടെയാണു ഫോസില്‍ കണ്ടെത്തിയത്.
തെക്കേ അമേരിക്കയിലെ നദിയില്‍ വസിച്ചിരുന്ന മൂന്നു മുതല്‍ 3.5 മീറ്റര്‍ വരെ (9.8 മുതല്‍ 11.4 അടി വരെ) നീളമുള്ള ഡോള്ഫിന്റേതാണു തലയോട്ടിയെന്നു പാലിയന്റോളജിസ്റ്റായ റോഡോള്‍ഫോ സലാസ് പറഞ്ഞു.
പെറുവിയന്‍ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ ഫോസിലിനു പേരിട്ടു. ഈ ഡോള്‍ഫിന്‍ ഇന്ത്യയിലെ ഗംഗാ നദിയിലെ ഡോള്‍ഫിനുമായി ബന്ധമുണ്ടെന്നും രണ്ട് ഡോള്‍ഫിനുകളുടെയും പൂര്‍വികര്‍ മുൻപു സമുദ്രത്തിലാണു താമസിച്ചിരുന്നതെന്നും സലാസ് വ്യക്തമാക്കി. ആമസോണില്‍ ഉണ്ടായിരുന്നവയ്ക്കു വംശനാശം സംഭവിച്ചു. ഇന്ത്യയിലുണ്ടായിരുന്നവ അതിജീവിച്ചെന്നും സലാസ് പറഞ്ഞു.