ചേര്‍ത്തല: അഞ്ചു വർഷം മുൻപ് നിർമിച്ച ചേർത്തല നഗരസഭയുടെ ജവഹർലാൽ നെഹ്റു ഷോപ്പിംഗ് വ്യാപാരസമുച്ചയത്തിന് പുതിയ വഴി തുറന്നു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറ് അതിരിലും വ്യാപാര സമുച്ചയത്തിന്റെ കിഴക്ക് അതിരിലും കൂടിപോകുന്ന തോടിന് മുകളിൽ സ്ലാബിട്ട് വഴിയാക്കുന്ന ജോലികളാണ് ഇന്നലെ വെളുപ്പിന് പൂർത്തിയായത്. ഈ ഭാഗത്ത് വഴി ലഭിക്കാതിരുന്നതിനാൽ കടകൾ വാടകയ്കെടുത്തിട്ട് ഉപേക്ഷിച്ച് പോയവരും ഇതുവരെ തുറക്കാൻ കഴിയാത്തവരുമായ അനവധി പേരുണ്ട്.
നഗരസഭയുടെയും ദേവീക്ഷേത്രത്തിന്റെയും മുന്നിലൂടെ കടന്നു പോകുന്ന പഴയ ദേശീയ പാതയിൽ നിന്നും കോംപ്ലക്സിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശന മാർഗം നിലവിലുണ്ടായിരുന്നു.
കിഴക്ക് ഭാഗത്ത് കൂടിയും മറ്റൊരു പ്രവേശന മാർഗവും നിർമാണ സമയത്ത് ആലോചിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിയുടെ അടക്കം എതിർപ്പ് മൂലം നാളിതുവരെ സാധ്യമാകാതിരുന്ന വഴിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.