ഓപ്ര വിൻഫ്രെ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സയാമീസ് ഇരട്ടകളായ അബിയും ബ്രിട്ടാനി ഹെൻസലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഇവർ വിവാഹിതരായെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടാണ് ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിവാഹത്തിൻ്റെ വീഡിയോകൾ വൈറലാവുകയാണ്. വീഡിയോയിലും ചിത്രങ്ങളിലും ബൗളിംഗിനൊപ്പം ഇരട്ടകളെ വിവാഹവസ്ത്രത്തിൽ കാണാം. ചാര നിറത്തിലുള്ള ഒരു സ്യൂട്ടാണ് ബൗളിംഗ് ധരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലും ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങൾ ബൗളിംഗ് പങ്കുവച്ചിട്ടുണ്ട്.
അബിയും ബ്രിട്ടാനിയും ഇപ്പോൾ അഞ്ചാം ക്ലാസ് അധ്യാപകരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പരസ്യമാക്കാൻ ഇവർ താൽപര്യപ്പെടുന്നില്ല. അതുകൊണ്ടാണ് വിവാഹ വാർത്തപോലും പുറത്ത് എത്താൻ ഇത്രയും വൈകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിഎൽസി പരമ്പരയായ ‘എബി ആൻഡ് ബ്രിട്ടാനി’ -യിലൂടെയാണ് ഇവർ പ്രശസ്തരായത്. കഴുത്തിന് താഴേക്ക് ഇരുവരും ഒരേ ശരീരമാണ് പങ്കിടുന്നത്. അബി വലതുഭാഗവും ബ്രിട്ടാനി ഇടതുഭാഗവും നിയന്ത്രിക്കുന്നു.
1990 -ലാണ് ഇരട്ടകൾ ജനിച്ചത്. ഇരുവരെയും വേർപിരിക്കുന്ന ശസ്ത്രക്രിയ നടത്തുന്നില്ലന്ന് അവരുടെ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും ജീവൻ ശസ്ത്രക്രിയ ചെയ്താൽ അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ പറഞ്ഞ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.