കാസർഗോഡ്: മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെയും വെറുതെവിട്ടു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരായിരുന്നു കേസിലെ കുറ്റാരോപിതര്‍. 2017 മാര്‍ച്ച് 20നാണ് അതി നിഷ്ഠൂരമായ കൊലപാതകം നടന്നത്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്നു റിയാസ് മൗലവി. പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
ഇന്ന് വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയിലും പരിസരപ്രദേശത്തും വന്‍ പോലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയത്.