പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആവിയിൽ വേവിച്ച ഭക്ഷണം രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുള്ളതാണ്. ഈ ലിസ്റ്റിലുള്ള ഒരു പ്രധാനി തന്നെയാണ് ഇഡ്ഡലി. ആരോഗ്യകരമായ പല ഗുണങ്ങളുമുള്ള ഇഡ്ഡലി വളരെ രുചികരമാണ്.
കൂടാതെ ഇവ ഉണ്ടാക്കാൻ അധിക സമയവും ആവശ്യമില്ലന്നത് ഈ വിഭവത്തിന് കിട്ടുന്ന സ്വീകാര്യതയ്ക്ക് പിന്നിലുള്ള ഒരു പ്രധാന കാരണം തന്നെയാണ്. ഇന്ന് ലോക ഇഡ്ഡലിദിനം. ചെന്നൈ ആസ്ഥാനമായുള്ള പ്രശസ്തമായ ഇഡ്ഡലി വിതരണക്കാരനായ എനിയവൻ ആയിരുന്നു ഈ ദിവസത്തിന് പ്രചോദനം നൽകിയത്.
2015 മാർച്ച് 30 ന് അദ്ദേഹം 1,328 ഇനം ഇഡ്ഡലികൾ ഉണ്ടാക്കി. അങ്ങനെയാണ് ഏകദേശം എട്ട് വർഷം മുമ്പ് ലോക ഇഡ്ഡലി ദിനം ആരംഭിച്ചത്. അതേ ദിവസം ഗവണ്മെന്റ് 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡലി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ചില ഭക്ഷ്യ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ഇഡ്ഡലി ആദ്യം ഉത്ഭവിച്ചത് ഇന്തോനേഷ്യയിലാണ് എന്നാണ്. എഡി 920-ലെ ഒരു കന്നഡ കൃതിയിൽ പരാമർശിച്ചിരിക്കുന്ന ഒരു വിഭവമായ ‘ഇഡ്ഡലിഗെ’ എന്ന പേരിൽ നിന്നാണ് ഈ വിഭവത്തിന് ഈ പേര് ലഭിച്ചതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ഇഡ്ഡലിയിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിനൊപ്പം ധാരാളം പച്ചക്കറികൾ അടങ്ങിയ സാമ്പാറും കൂട്ടിച്ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.