ചപ്പാരപ്പടവ് : റബർ പാലെടുക്കാൻ എത്തിയ കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. ചപ്പാരപ്പടവ് തേരണ്ടിയിലെ എൻ. ഗോപിനാഥൻ (56)നെയാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത്.
ഇന്നലെ രാവിലെ എട്ടിന് റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി പാലെടുക്കാൻ ബക്കറ്റുമായി ചെന്നതായിരുന്നു ഗോപിനാഥൻ. റബർ തോട്ടത്തിൽ കാട്ടുപന്നിയുടെ മുന്നിൽപ്പെട്ടുപോയ ഗോപിനാഥൻ പേടിച്ച് തിരിച്ചോടുമ്പോൾ വീഴുകയും കാട്ടുപന്നി കാലിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ടാപ്പിംഗിനെത്തിയ മറ്റ് തൊഴിലാളികൾ ഗോപിനാഥനെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.