കേരളത്തിൽ ഇപ്പോൾ ചൂട് കൂടിവരുന്ന അവസ്ഥയാണ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ ചുട്ടുപൊള്ളുകയാണ് ആളുകൾ. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ അവസ്ഥയിൽ സൂര്യതാപം ഏൽക്കാനുള്ള സാധ്യയും ഏറെയാണ്.
ഇത്തരത്തിൽ ആളുകൾക്ക് സൂര്യതാപമേറ്റ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ തൃശൂരിലാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂട്ടർ യാത്രക്കാരനാണ് തൃശൂരിൽ സൂര്യാതപമേറ്റത്.
ചേർപ്പ് സർവീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കൽ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെ തിരുവുള്ളക്കാവ് തെക്കേനട റോഡിന് സമീപത്ത് വച്ചാണ് സംഭവം. ശരീരത്തിൽ നീറ്റൽ അനുഭവപ്പെട്ടെങ്കിലും രതീഷ് കാര്യമാക്കിയില്ല.
രാത്രി വീട്ടിലെത്തിയപ്പോൾ രണ്ട് കൈയിലും കാലിലും ചെറിയ പോളകൾ ഉണ്ടായി. പിന്നീട് പോളകള്‍ വലുതായി വ്യാപിക്കുകയായിരുന്നു . വെള്ളിയാഴ്ച രാവിലെ ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തി രതീഷ് ചികിത്സ തേടി. തൃശൂർ ജില്ലയിൽ കൊടുംചൂട് തുടരുകയാണ്.