കാബൂൾ: വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടികൊണ്ടടിച്ചു കല്ലെറിഞ്ഞു കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ.
നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ പശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ ഇടപെടേണ്ടന്ന മുന്നറിയിപ്പും അഖുന്ദ്സാദ നൽകി.
മുല്ല ഹിബത്തുള്ള അഖുന്ദ്സാദയുടെ വാക്കുകൾ: ‘ആരൊക്കെഎതിർത്താലും വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കും. സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ടടിച്ച് പരസ്യമായി കല്ലെറിഞ്ഞു കൊല്ലും.
ഇതെല്ലാം നിങ്ങളുടെ ജനാധിപത്യത്തിന് എതിരായിരിക്കാം, പക്ഷേ ഞങ്ങൾ അതു തുടരുക തന്നെ ചെയ്യും. കാരണം ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്’. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്നു വാദിക്കുന്ന അഖുന്ദ്സാദ അപൂർവമായാണ് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.