തിരുവനന്തപുരം: വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർ പീസുകളിൽ ഒന്നായ ലാസ്റ്റ് സപ്പർ എന്ന പെയിന്റിംഗ് പുനഃസൃഷ്ടിച്ച് യുവഫോട്ടോഗ്രാഫർ. നെടുമങ്ങാട് മടത്തറ സ്വദേശിയായ അലക്സ് ബേബി ചെമ്മരപ്പാടമാണ് ലാസ്റ്റ് സപ്പർ ഒറ്റയ്ക്ക് പുനഃസൃഷ്ടിച്ചത്.
ക്യാമറ 10 സെക്കൻഡ് ടൈമർ മോഡിൽ സെറ്റ്ചെയ്ത് കാനോണ് ക്യാമറ കണക്ട് എന്ന സോഫ്റ്റുവേർ ഉപയോഗിച്ച് പൂർണമായും സെൽഫിയായാണ് ചിത്രങ്ങൾ പകർത്തിയത്. മൊബൈൽ ഡിസ്പ്ലേ ക്യാമറ ക്ലിക്ക് ബട്ടണായി സെറ്റ്ചെയ്തായിരുന്നു ഫോട്ടോകൾ പകർത്തിയത്. അതുകൊണ്ടുതന്നെ ഫോട്ടോയിലെ മോഡലും ഫോട്ടോഗ്രാഫറും അലക്സ് തന്നെയാണെന്നതാണ് വലിയ പ്രത്യേകത.
ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി പകർത്തിയശേഷം ഫോട്ടോഷോപ്പ് സോഫ്റ്റുവേർ ഉപയോഗിച്ചാണ് ഇവ ഒരുമിപ്പിച്ചത്.
നെടുമങ്ങാട് ചൂഴിയക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ മുകളിലത്തെ നിലയിലായിരുന്നു സെറ്റിട്ടത്. ഇതിനായി ഇടവക വികാരി ഫാ. മാത്യു ചരിവുകാലായിൽ സഹായിച്ചു. ടേബിൾ സെറ്റ് ചെയ്യുന്നതിനും മറ്റുമായി രജിത് രാജു, പ്രിയരാജ് എന്നീ സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്നു അലക്സ് പറയുന്നു.
കോവിഡ് സമയത്ത് അലക്സ് താടിയും മുടിയും നീട്ടിവളർത്തിയിരുന്നു. ചില സുഹൃത്തുക്കൾ അലക്സിനു ജീസസ് ക്രൈസ്റ്റിനോട് രൂപസാദൃശ്യം പറഞ്ഞതോടെയാണ് ഇത്തരത്തിൽ ഒരു ആശയം അലക്സിന്റെ മനസിൽ തോന്നിയത്. ഡാവിഞ്ചി യുടെ “ലാസ്റ്റ് സപ്പർ’ അനുകരിച്ചുള്ള ഫോട്ടോഷൂട്ടിലേക്ക് എത്തുന്നതിന് അധികസമയം വേണ്ടിവന്നില്ല.
ആദ്യം യേശുവും 12 ശിഷ്യന്മാരുമായി പ്രത്യേകം ആളുകളെ തെരഞ്ഞെടുത്തു ഫോട്ടോ എടുക്കുന്നതിനായിരുന്നു തീരുമാനം. ഒടുവിൽ സുഹൃത്തായ രജിത് രാജാണ് അലക്സ് ഒറ്റയ്ക്ക് ചെയ്താൽ നന്നായിരിക്കുമെന്ന ആശയം മുന്നോട്ടുവച്ചത്. ഒറ്റയ് ക്ക് ചെയ്താൽ കുറച്ചു കൂടി വ്യ ത്യസ്തതയുണ്ടാകുമെന്ന് അലക്സിനും തോന്നി. മുൻപ് ഇത്തരത്തിൽ ആരെങ്കിലും ഫോട്ടോകൾ എടുത്തിട്ടുണ്ടോ എന്ന് ഇന്റർനെറ്റിൽ പരതിയെങ്കിലും ഒന്നും കണ്ടില്ല.
ലാസ്റ്റ് സപ്പർ പുനഃസൃഷ്ടിച്ചുകൊണ്ട് മുൻപ് നിരവധി ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം ഒരാൾ തന്നെ അവതരിപ്പിക്കുന്ന ചിത്രം ആദ്യമായാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു മുൻപ് ഒരു തവണ മുഴുവൻ ചിത്രങ്ങളും എടുക്കുകയും ലാസ്റ്റ് സപ്പർ രീതിയിൽ രൂപകൽപ്പന ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അതിന് ഉദ്ദേശിച്ച പൂർ ണത ലഭിച്ചില്ല. അതിനുശേഷമാണ് വേഷത്തിലും രൂപത്തിലും മാറ്റം വരുത്തി വീണ്ടും ഫോട്ടോകൾ എടുത്തത്.ഒന്നര പതിറ്റാണ്ടിലേറെയായി പ്രഫഷണൽ ഫോട്ടോഗ്രാഫി രംഗത്തുള്ള അലക്സിന് വ്യത്യസ്ഥമായ ആശ യങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നതിനാണ് താൽപര്യം.
സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മടത്തറ ചരുവിള വീട്ടിൽ ബേബി എബ്രഹാം-ചിന്നമ്മ ബേബി ദന്പതികളുടെ മകനാണ് അലക്സ്. ഭാര്യ ടീജ തോമസ്. മകൾ ആൻസലറ്റ് ബേബി അലക്സ് കടയ്ക്കൽ സെന്റ് ചാൾസ് ബോർമിയോ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
റിച്ചാർഡ് ജോസഫ്