കാട്ടാനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ തോണിച്ചാൽ കാരുണ്യ നിവാസിലെ ഫാ. ജെയ്സണ് കാഞ്ഞിരപ്പാറ. കഴിഞ്ഞ ദിവസം രാവിലെ മാനന്തവാടിയിൽനിന്ന് പുൽപ്പള്ളി പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെ പാക്കം കുറിച്ചിപ്പറ്റയിലാണ് വൈദികൻ ആനയുടെ മുന്നിൽപ്പെട്ടത്.
കാട്ടാന കാറിനു നേരേ പാഞ്ഞടുത്തെങ്കിലും പ്രദേശവാസികളും പുൽപ്പള്ളിയിൽനിന്നു മാനന്തവാടിക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരും ഒച്ചയിട്ടപ്പോൾ പിൻവാങ്ങുകയായിരുന്നു.
ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ആനയെ വനം ജീവനക്കാർ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ഫാ. ജെയ്സണ് അതുവഴി പോയത്. ആന കാറിനുനേരേ നീങ്ങുന്ന ദൃശ്യം പ്രദേശവാസി ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ആനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടതെന്ന് ഫാ. ജെയ്സണ് പറഞ്ഞു. കുറിച്ചിപ്പറ്റ വനമേഖലയോടു ചേർന്നാണ് കഴിഞ്ഞ മാസം കുറുവ ഇക്കോ ടൂറിസം കേന്ദ്രം താത്കാലിക ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിനിരയായത്.