ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സവിശേഷകരമായ ഒന്നാണ് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ആ ദിനമായ ഈസ്റ്റര്‍ അവര്‍ വലിയ പ്രാധാന്യത്തോടെയാണ് കൊണ്ടാടാറുള്ളത്.
ഈ ആഘോഷത്തിനിടയില്‍ ആളുകള്‍ പരസ്പരം മുട്ടകള്‍ കൈമാറാറുണ്ട്. നിറമുള്ള മുട്ടകളുടെ ശേഖരം തന്നെ ഈ ദിവസം പലയിടത്തും കാണാനാകും. പലരും ദുഃഖവെള്ളിയാഴ്ചകളില്‍ നേര്‍ച്ചയായി മുട്ടകള്‍ നല്കയിരുന്നു.
മുട്ടകള്‍ പുതിയ ജീവിതത്തെയും പുതുജന്മത്തെയും പ്രതിനിധീകരിക്കുന്നു എന്നാണ് പലരും കരുതുന്നത്. മധ്യകാലഘട്ടത്തില്‍ നോമ്പുകാലത്ത് മുട്ട കഴിക്കുന്നത് നിരോധിച്ചിരുന്നു. അതിനാല്‍ ഈസ്റ്റര്‍ ദിനം സാധാരണ ആളുകള്‍ ഇവ കഴിക്കാന്‍ ആഗ്രഹിച്ചിരുന്നത്രെ. കാലം മുന്നോട്ട് പോയെങ്കിലും നിറമുള്ളമുട്ടകള് ഈസ്റ്ററിന്റെ ഭാഗമായി ഇന്നും നില്ക്കുന്നു.
ഇപ്പോഴിതാ തന്റെ തലമുടി ഈസ്റ്റര്‍ മുട്ട പോലെ ആക്കിത്തീര്‍ത്ത ഒരു വയോധിക വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. 88 കാരിയായ സില്‍വിയ ഹോംവുഡ് ആണ് ഇത്തരത്തില്‍ ശ്രദ്ധനേടിയത്. അവര്‍ കാഡ്ബറിയുടെ ക്രീം മുട്ട പോലെ മുടിയിൽ ചായം പൂശി.
കോളിന് വാറ്റ്കിന്‍സ് എന്ന ബാര്‍ബര്‍ ആണ് ഇത്തരത്തില്‍ മുട്ട തീര്‍ത്തത്. അദ്ദേഹത്തിന്റെ സ്റ്റുഡിയോ 2000 എന്ന കടയില്‍ 90 മിനിറ്റുകളോളം സില്‍വിയ ചിലവഴിച്ചു. സില്‍വിയ ഈസ്റ്ററിന് എന്തെങ്കിലും വ്യത്യസ്തമായ കാര്യം വേണമെന്ന് ആഗ്രഹിച്ചപ്പോള്‍ കോളിന് ആണ് കാഡ്ബറിയുടെ ക്രീം എഗ് നിര്‍ദേശിച്ചത്.
ഏറെ പണിപ്പെട്ടാണ് അദ്ദേഹം ഇത് പൂര്‍ത്തീകരിച്ചത്. എന്തായാലും സംഭവം ആളുകളുടെ ശ്രദ്ധനേടിക്കഴിഞ്ഞു. ഈ ഈസ്റ്റര്‍ വേറിട്ടതാക്കാന്‍ കാത്തിരിക്കുകയാണ് സില്‍വിയ ഇപ്പോള്‍…