ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള കടകൾക്കു തീപിടിച്ച സംഭവത്തിൽ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി. ഗാന്ധിനഗർ യൂണിറ്റ് പ്രസിഡന്റ് ഇമ്മാനുവൽ പുന്നവേലിൽ, ജനറൽ സെക്രട്ടറി തോമസ് തെക്കേടം എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.
ഇന്നലെ രാവിലെയാണു ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള യുണെറ്റഡ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ നാലു കടകൾക്കു തീപിടിച്ചത്. സോണി എന്ന വ്യക്തിയുടെ തോട്ടത്തിൽ സ്റ്റോഴ്സ് എന്ന കട പൂർണമായും കത്തി നശിച്ചു.
മെത്ത, പായ്, ചെരുപ്പ്, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ സാധനങ്ങൾ വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാര സ്ഥാപനത്തിനാണ് ആദ്യം തീപടർന്നത്. ഉടൻ ഗാന്ധിനഗർ പോലീസിനെയും കോട്ടയത്തെ അഗ്നിശമന സേനയെയും വിവരം അറിയിച്ചു. അഗ്നിശമനയുടെ വിവിധ യൂണിറ്റുകൾ എത്തിയാണു തീയണക്കാനായത്.
കോട്ടയം, കടുത്തുരുത്തി, വൈക്കം, പാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ ഒമ്പത് യൂണിറ്റുകളുടെ പരിശ്രമത്തിലാണു മൂന്നുമണിക്കൂറെടുത്തു തീയണച്ചത്.