പാലക്കാട്: കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു. ശ്രീകൃഷ്ണപുരത്താണ് സംഭവം. വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ് (55) സൂര്യാഘാതമേറ്റത്.
വലമ്പിലിമംഗലം മുപ്പതാംനമ്പർ ബൂത്തിൽ വീടുകയറിയുള്ള പ്രചാരണം നടത്തുകയായിരുന്നു തോമസ്. ഇതിനിടയിലാണ് പ്രവർത്തകന്റെ മുതുകിലും നെഞ്ചിലും പൊള്ളലേറ്റത്.
ഉടൻ തന്നെ ശ്രീകൃഷ്ണപുരം ഗവ. ആശുപത്രിയിൽ ചികിത്സതേടി. വീട്ടിൽ വിശ്രമത്തിലാണിപ്പോൾ തോമസ് എബ്രഹാം. മാർച്ച് 26-ന് മംഗലാംകുന്ന് കാർളിത്തൊടി സ്വദേശി കൃഷ്ണകാന്തിനും (27) സൂര്യാഘാതമേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് വരെപോയിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത.
കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.