കോഴിക്കോട്: കരുവന്നൂരില്‍ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഇഡി റിപ്പോര്‍ട്ടില്‍ സൂക്ഷിച്ച് പ്രതികരിക്കാന്‍ സിപിഎം. ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരുവന്നുര്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചുവെങ്കിലും സമയം കഴിഞ്ഞെന്നു പറഞ്ഞ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി.
അതേസമയം റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഏറെ സമയം കണ്ടെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കായി മാറുന്നുവെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ഉയരുമെന്നുറപ്പുള്ളതിനാല്‍ പ്രത്യേകം എഴുതികൊണ്ടുവന്ന കേസ് ഡീറ്റയില്‍സാണ് മുഖ്യമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്. അരമണിക്കുര്‍ മാത്രമേ വാര്ത്താസമ്മേളനമുണ്ടാകൂവെന്നറിയിച്ച മുഖ്യമന്ത്രി 20 മിനിറ്റും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിച്ചത്.
കരുവന്നൂര്‍ ഉള്‍പ്പെടെ സിപിഎം പ്രതിക്കൂട്ടിൽ നിൽക്കുന്ന നിരവധി വിഷയങ്ങളിൽ പത്രപ്രവർത്തകരിൽ നിന്നു ചോദ്യങ്ങൾ ഉയരുമെന്നിരിക്കേ തുടക്കത്തില്‍തന്നെ മൗലവി വധക്കേസുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ത്തിയതും അതിനുള്ള മറുപടി കൊണ്ട് സമയം തീർത്തതും പിആര്‍ വര്‍ക്കിന്റെ ഭാഗമായി നടന്നതെന്നാണ് ആക്ഷേപം.
ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനെ ഇതിനായി ഉപയോഗിച്ചെന്നും ആഷേപമുയർന്നു. വാര്‍ത്താസമ്മേളനത്തിന് മുന്‍പുതന്നെ ഇതിനായി ‘സിന്‍ഡിക്കേറ്റ്’ ചോദ്യവും ഉത്തരവും തയാറാക്കുകയായിരുന്നു. മുന്‍പ് മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചവര്‍തന്നെ ഇപ്പോള്‍ ഈ രീതി അവലംബിച്ചതു പരിഹാസ ത്തിനും ഇടയാക്കി.
കോഴിക്കോട്ടും വയനാട്ടിലുമായി ഇന്നലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ മുഖ്യമന്ത്രിക്കുണ്ടായിരുന്നു. ഇവിടെയൊന്നും കരുവന്നൂര്‍ പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. അതേസമയം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ അതിശക്തമായ രാഷ്ട്രീയ വിമര്‍ശനം അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതിലുണ്ടായ ഗുരുതര വിഴ്ച ഉള്‍പ്പെടെ പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിയിട്ടും ഇതിനെക്കുറിച്ച് ഒരിടത്തും അദ്ദേഹം പരാമര്‍ശിച്ചില്ല.