മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം എഡിഷനിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം.
മുംബൈ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് 17-ാം സീസണിൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാം തോൽവിയാണ്. 2024 സീസണിൽ ഇതുവരെ ജയം നേടാത്ത ഏക ടീമും മുംബൈ മാത്രമാണ്. സ്കോർ: മുംബൈ ഇന്ത്യൻസ് 125/9 (20). രാജസ്ഥാൻ റോയൽസ് 127/4 (15.3).
ചെറിയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാനു വേണ്ടി റിയാൻ പരാഗ് (39 പന്തിൽ 54 നോട്ടൗട്ട്) ടോപ് സ്കോററായി. യശസ്വി ജയ്സ്വാൾ (10), ജോസ് ബട്ലർ (13), സഞ്ജു സാംസൺ (12), ആർ. അശ്വിൻ (16) എന്നിവരുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടപ്പെട്ടത്.
രാജസ്ഥാൻ റോയൽസിന്റെ ട്രെന്റ് ബോൾട്ട് മിന്നൽപ്പിണരായപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് ബോൾട്ട് ഇളകിത്തെറിക്കുന്നതാണ് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കം രാജസ്ഥാൻ റോയൽസ് കുറിച്ചു.
ആദ്യ ഓവറിൽത്തന്നെ രണ്ട് മുംബൈ വിക്കറ്റുകൾ ബോൾട്ട് വീഴ്ത്തി. മുംബൈയുടെ വിശ്വസ്ത ഓപ്പണർ രോഹിത് ശർമയെയും (0) മൂന്നാം നന്പറായി എത്തിയ നമാൻ ധിറിനെയും (0) ബോൾട്ട് ഗോൾഡൻ ഡക്കാക്കി. ബോൾട്ടിന്റെ പന്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജുവിന്റെ ക്യാച്ചിലൂടെയായിരുന്നു രോഹിത് പുറത്തായത്. മൂന്നാം നന്പറായെത്തിയ നമാൻ ധിറിനെ ബോൾട്ട് വിക്കറ്റിനു മുന്നിലും കുടുക്കി.
ഇംപാക്ട് പ്ലെയറായെത്തിയ ഡെവാൾഡ് ബ്രെവിസിന്റെ (0) ഉൗഴമായിരുന്നു അടുത്തത്. തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ബ്രെവിസിനെയും ബോൾട്ട് ഗോൾഡൻ ഡക്കാക്കി. ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാരെ ഗോൾഡൻ ഡക്കാക്കി മുംബൈ ഇന്ത്യൻസിന്റെ ബോൾട്ട്, ട്രെന്റ് ബോൾട്ട് ഉൗരിമാറ്റി. ഈ ആഘാതത്തിൽനിന്ന് മുക്തമാകാൻ മുംബൈക്കു സാധിച്ചില്ല.
14 പന്തിൽ 16 റണ്‍സുമായി പൊരുതിയ ഇഷാൻ കിഷനെ നാന്ദ്രെ ബർഗർ പുറത്താക്കി. 21 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 34 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് യുസ് വേന്ദ്ര ചാഹലിനായിരുന്നു.
സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായെത്തിയ റോവ്മാൻ പവലിന്റെ ക്യാച്ചിലൂടെയാണ് ഹാർദിക് മടങ്ങിയത്. ചെറുത്തുനിൽക്കുകയായിരുന്ന തിലക് വർമയെയും ചാഹൽ മടക്കി. 29 പന്തിൽ രണ്ട് സിക്സിന്റെ അകന്പടിയോടെ 32 റണ്‍സ് നേടിയ തിലക് വർമയെ ചാഹലിന്റെ പന്തിൽ ഉജ്വലമായ ക്യാച്ചിലൂടെ ആർ. അശ്വിൻ പുറത്താക്കുകയായിരുന്നു.
ജെറാൾട് കോറ്റ്സിയെ (4) പുറത്താക്കി ചാഹൽ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. അപ്പോൾ മുംബൈ ഇന്ത്യൻസിന്റെ സ്കോർ 16.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 111. ടിം ഡേവിഡ് (17) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്. രാജസ്ഥാനുവേണ്ടി ട്രെന്റ് ബോൾട്ട് 22 റണ്‍സിനും ചാഹൽ 11 റണ്‍സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.\