കോഴിക്കോട്: വയനാട്ടിൽ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 നായിരിക്കും പത്രിക സമര്‍പ്പിക്കുകയെന്നു വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും എംഎൽഎയും ആയ എ.പി. അനിൽകുമാറും, ടി. സിദ്ദീഖ് എംഎൽഎയും അറിയിച്ചു.
മൂപ്പൈനാട് പഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാര്‍ഗം എത്തും.
രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. സിവില്സ്റ്റേഷന് പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.