കോഴിക്കോട്: പൊതുമേഖലാ എണ്ണക്കന്പനികളുടെ ലാഭം 2023-24 സാന്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാന്പത്തിക വർഷത്തിൽ എണ്ണക്കന്പനികൾക്ക് 14,600 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ സാന്പത്തിക വർഷം ഇത്രയും ലാഭം നേടാനായത്.
ആഗോള വിപണയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിനാലാണ് എണ്ണക്കന്പനികൾക്കു വൻ ലാഭമുണ്ടാകാൻ കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. 2023 ഡിസംബർ 12ന് ബെന്റ് ക്രൂഡ് വില ബാരലിന് 74 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. ഒരു മാസത്തോളം ഈ വിലക്കുറവ് തുടർന്നെങ്കിലും എണ്ണവില കുറയ്ക്കുന്നതിനെപ്പറ്റി കേന്ദ്രം ചിന്തിച്ചില്ല.
എണ്ണയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതൽ കേന്ദ്ര-സംസ്ഥാന നികുതികൾ ചുമത്തിയ ശേഷവും അക്കാലത്ത് ലിറ്ററിന് പത്തു രൂപയിലേറെ എണ്ണക്കന്പനികൾ ലാഭം നേടിയിട്ടും ജനത്തെ കൊള്ളയടിക്കുന്നത് തുടരുകയായിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതവും പാചകവാതകത്തിന് നൂറു രൂപയും കുറച്ചെങ്കിലും ഈ കാലയളവിലും എണ്ണക്കന്പനികൾ ലാഭമുണ്ടാക്കിയതായാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇതിന്റെ പതിൻമടങ്ങു തുക നികുതിയിലൂടെയും നേട്ടമുണ്ടാക്കി.
ബെന്റ് ക്രൂഡ് ബാരലിന് 87.36 ഡോളറായിരുന്നു ഇന്നലെ അന്താരാഷ്ട്ര വിപണിയിലെ വില. എണ്ണവില കുറയ്ക്കുന്നതിനോടു പാർട്ടി വ്യത്യാസമില്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒട്ടും താത്പര്യമില്ല. മാസം തോറും ആയിരക്കണക്കിനു കോടി രൂപയുടെ വരുമാന നഷ്ടമാണ് എണ്ണവില കുറച്ചാൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഉണ്ടാവുക. കേരളത്തിലെ ഇടതുപക്ഷ സർക്കാരും എണ്ണവില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല.