പാറ്റ്ന: ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ പത്രിക സമർപ്പിക്കുമെന്നു പപ്പു യാദവ്. പൂർണിയ മണ്ഡലം ലക്ഷ്യമിട്ടായിരുന്നു പപ്പു യാദവ് രണ്ടാഴ്ച മുന്‍പ് കോൺഗ്രസിൽ ചേർന്നത്.
എന്നാൽ, മണ്ഡലം ആർജെഡി ഏറ്റെടുത്തു. ബിമാ ഭാരതിയാണ് ആർജെഡി സ്ഥാനാർഥി. ജെഡി-യുവിൽനിന്ന് ആർജെഡിയിലെത്തിയ ആളാണ് ബിമാ ഭാരതി. പൂർണിയ മണ്ഡലം കോൺഗ്രസിനു നല്‍കണമെന്ന് പപ്പു യാദവ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോടാവശ്യപ്പെട്ടു.
പൂർണിയ സ്വദേശിയാണ് പപ്പു യാദവ്. മൂന്നു തവണ ഇദ്ദേഹം പൂർണിയയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനു ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണു നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ആർജെഡി 26 മണ്ഡലങ്ങളിലും കോൺഗ്രസ് ഒന്‍പതിലും മത്സരിക്കുന്നു.
സിപിഐ (എംഎൽ) മൂന്നു സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. കനയ്യകുമാറിനു നല്‍കാനിരുന്ന ബെഗുസരായി സീറ്റ് സിപിഐക്കു നല്‍കിയതിലും കോൺഗ്രസിനു നീരസമുണ്ട്.