കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയിപോലും… പറഞ്ഞുവരുന്നത് സിനിമാ കഥയല്ല കോടഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ്. കഥയിങ്ങനെ…
രാത്രിയാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ ഭർത്താവും ഭാര്യയും മദ്യപിച്ചതിന് ശേഷം കോടഞ്ചേരി അങ്ങാടിയിൽ കിടന്ന് തമ്മിൽ തല്ലുന്നത് നിത്യ സംഭവമാണ്.പതിവ് പോലെ ഇന്നലെയും ഇവർ തമ്മിൽ അങ്ങാടിയിൽ കിടന്ന് രാത്രിയിൽ തല്ലു കൂടി.പോലീസെത്തി ഇവരെ തല്ല് കൂടുന്നതിൽ നിന്ന് ഒഴിവാക്കി വിട്ടു.വീണ്ടും ഇവർ തമ്മിൽ വഴക്കായി നാട്ടുകാർ ഇടപെട്ട് വീണ്ടും പിരിച്ചു വിട്ടു.
പോകുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ കൂട്ടാൻ ഇവർ മറന്ന് പോയി. ഒറ്റക്കായ കുട്ടി അങ്ങാടിയിൽ കൂടി അലയാൻ തുടങ്ങി. ഈ സമയം കോടഞ്ചേരിയിൽ കൊറിയർ സർവീസ് സ്ഥാപനം നടത്തുന്ന കേളംകുന്നേൽ പോൾസൻ എന്ന യുവാവ് കുട്ടിയെ കണ്ടു.
അപ്പോൾ സമയം ഏകദേശം പാതിരാത്രിയോട് അടുത്തിരുന്നു. സ്ഥാപനം അടച്ച് വീട്ടിൽ പോകുന്നതിനിടയിൽ ആണ് റോഡരികിലിരുന്ന് കരയുന്ന കുട്ടിയെ യുവാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ യുവാവ് കുട്ടിയെ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ ദമ്പതികളുടെതാണ് കുട്ടി എന്നുമനസ്സിലാക്കിയ പോലീസും യുവാവും കോടഞ്ചേരി അങ്ങാടിയിൽ മുഴുവൻ ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
തുടർന്ന് കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് കുട്ടിയെ മെഡിക്കൽ ചെക്കപ്പ് നടത്തിയതിനുശേഷം തെയ്യപ്പാറയിൽ എത്തിച്ച് കുടുംബാംഗങ്ങളെ ഏൽപ്പിച്ചു.ഈ സമയവും ദമ്പതികൾ വീട്ടിലെത്തിയിരുന്നില്ല. ദമ്പതികളുടെസ്ഥിരം അങ്ങാടിയിൽ കിടന്നുള്ള തമ്മിൽ തല്ലും ഒച്ചപ്പാടും ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.