ലക്നൗ: “ചട്ടീം കലോം ആകുമ്പോ തട്ടീന്നും മുട്ടീന്നുമൊക്കെ ഇരിക്കും’ ദാന്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ആരും പറയുന്ന വാക്കുകളാണിത്. എല്ലാ ദന്പതികൾക്കിടയിലും പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ദാന്പത്യം, ദാന്പത്യമല്ലെന്നാണു പലരുടെയും പക്ഷം.
എന്നാൽ, കുടുംബജീവിതത്തിൽ ഉലച്ചിൽ സംഭവിച്ച മധ്യപ്രദേശ് സ്വദേശിനിയുടെ വാട്സാപ്പ് സ്റ്റാറ്റസ് ഞെട്ടിക്കുന്നതായി.
തന്റെ ഭർത്താവിനെ തട്ടിയാൽ പ്രതിഫലം നൽകാമെന്നായിരുന്നു ഇവരുടെ കുപ്രസിദ്ധമായ വാട്സാപ്പ് സ്റ്റാറ്റസ്. 2022ലായിരുന്നു മധ്യപ്രദേശ് ബിന്ദ് സ്വദേശിനിയായ യുവതിയും ഉത്തർപ്രദേശ് ബാഹ് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം. ജീവിതം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും രൂക്ഷമായി. ഭാര്യയ്ക്കു മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു കുടുംബപ്രശ്നങ്ങളുടെ കാരണം.
അഞ്ചുമാസത്തിനുശേഷം ഭാര്യ സ്വന്തംവീട്ടിലേക്കു മടങ്ങിപ്പോയി. ഭർത്താവിനെതിരേ ജീവനാംശത്തിനു കേസ് കൊടുക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടെയാണ് യുവാവിനെ കൊല്ലുന്ന ആൾക്ക് 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത് യുവതി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇതുമായി ബന്ധപ്പെട്ടു യുവാവ് പോലീസിൽ പരാതിയും നൽകി.
മൂന്നുമാസം മുന്‍പു ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരേ വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. മാത്രമല്ല, ഭാര്യയുടെ രസഹ്യബന്ധത്തെ ശരിവയ്ക്കുന്ന മറ്റൊരു സംഭവമുണ്ടായതായും യുവാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭാര്യയുടെ ആണ്‍സുഹൃത്തും തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.