കോഴിക്കോട്: ടിക്കറ്റ് ചോദിച്ചതിന്റെപേരില്‍ ഇതരസംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനില്‍നിന്നു തള്ളിയിട്ടുകൊന്ന കേസില്‍ ‘ഒന്നാം പ്രതി’ റെയില്‍വേ തന്നെ. ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴി ലാളികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്പോഴും ശാശ്വത പരിഹാരമായിട്ടില്ല. ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കൾവരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ പറയുന്നു. റിസർവ് ചെയ്ത സീറ്റുകൾ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും റെയിൽവേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല.
ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ സാധനങ്ങൾ കുത്തിനിറച്ച് ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്. സംഘടിത ശക്തിയായതിനാൽ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു. വലിയ ലഗേജുകളും മറ്റും സീറ്റില്‍ തന്നെ വച്ച് റിസര്‍വ് ചെയ്യാതെയാണ് പലരുടെയും യാത്ര. പലപ്പോഴും കാര്യമായ പരിശോധന റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാല്‍ ഇവര്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ആര്‍പിഎഫ് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ജനുവരിയില്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ മദ്യപന് നടത്തിയ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നതു യുവതിക്കായിരുന്നു. ആര്‍പിഎഫിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും എത്തിയത് രണ്ടു ടിടിഇമാര്‍ മാത്രമാണ്. ഇവര്‍ക്കും മദ്യപനെ തടയാനായില്ല. ഒടുവില്‍ യാത്രക്കാര്‍ സംഘം ചേര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഇത് ഒറ്റപ്പെട്ടസംഭവമല്ല. സ്കൂള്‍ പവര്‍ ലിഫ്റ്റിംഗ് മത്സരത്തിനായി പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ ലഹരിക്കടിമയായ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമത്തിനിരയായതും അടുത്തിടെയാണ്. ആര്‍പിഎഫിന്റെ സേവനം ആവശ്യപ്പെട്ടിട്ടും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികളുടെ പരിശീലകന് പരാതിപ്പെട്ടിരുന്നു. ടിടിഇയേക്കാള് ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ഇടപെടാനാകുക ആര്പിഎഫിനാണെന്ന് യാത്രക്കാര്‍ പറയുന്നു. റിസര്‍വ് ചെയ്താല്‍പ്പോലും സീറ്റ് വിട്ടുകൊടുക്കാത്ത സാഹചര്യവുണ്ട്.
ഇവരെ പേടിച്ച് പലപ്പോഴും ടിടിഇ കോച്ചുകളിലേക്കു വരാറില്ല. എന്നാല്‍ യാത്രക്കാര്‍ നേരിട്ട് ആര്‍പിഎഫിനെ വിളിച്ചാലോ ആരും എത്താറുമില്ല. ഓരോ പ്രധാന സ്റ്റേഷനുകളിലും ആര്‍പിഎഫ് സേവനം ലഭ്യമാണെന്നിരിക്കേ ഇത്തരം വിഷയങ്ങളില്‍ ഇവര്‍ ഇടപെടാറില്ല. ആർപിഎഫിന്റെ ഉദാസീനത അക്രമസംഭവങ്ങൾ വർധിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. എറണാകുളം പാറ്റ്ന എക്ലസ്പ്രസിലാണ് ഇന്നലെ ദാരുണമായ സംഭവം ഉണ്ടായത്. ടിക്കറ്റ് ചോദിച്ച വിനോദിനെ ഒഡീഷ സ്വദേശി രജനീകാന്ത് ട്രെയിനില്‍നിന്നു തള്ളിയിട്ടുകൊല്ലുകയായിരുന്നു.
സ്വന്തം ലേഖകന്‍