അനുഭവമാകുമ്പോഴാണ് സിനിമ ദൈവികമാകുന്നതെന്ന് റോഷൻ ആൻഡ്രൂസ്. ബ്ലെസിച്ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചു. പൃഥ്വി… എന്റെ ആന്റണി മോസസ്… ഞാൻ എന്താ പറയുക? അക്ഷരാർഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ ആത്മാവ്.
ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ വിജയിയാക്കി! അടുത്തവർഷം നടക്കുന്ന നിരവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷയോടെ… ഈ പരിശ്രമത്തിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.
പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഓസ്കാർ അവാർഡ് ജേതാക്കളായ എ. ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അമല പോൾ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.