കൊല്ലം: ദക്ഷിണ റെയിൽവേയ്ക്ക് കഴിഞ്ഞ സാമ്പത്തികവർഷം റിക്കാർഡ് വരുമാന വർധന. 2023-24 വർഷത്തെ മൊത്തവരുമാനം 12020 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വരുമാനവർധനയാണ് ഉണ്ടായിട്ടുള്ളത്. ദക്ഷിണ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഇത് സർവകാല റിക്കാർഡാണ്. എല്ലാ മേഖലയിലും വരുമാനം കുതിച്ചുയർന്നു എന്നതാണ് ഏറ്റവും പ്രത്യേകത.
യാത്രക്കൂലി ഇനത്തിൽ മാത്രം 7,151 കോടി രൂപ ലഭിച്ചു. 3,674 കോടിയാണ് ചരക്ക് ഗതാഗതത്തിൽനിന്നുള്ള വരുമാനം. ഇതര ഇനങ്ങളിൽനിന്ന് 1,194 കോടി രൂപയും ലഭ്യമായി. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണ റെയിൽവേ എട്ടു ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് ആരംഭിച്ചത്. ഇതുവഴിയും ഗണ്യമായ വരുമാനവർധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം ‘ഒരു സ്റ്റേഷൻ, ഒരു ഉത്പന്നം പദ്ധതി’ പ്രകാരം വിവിധ സ്റ്റേഷനുകളിലായി 263 സ്റ്റാളുകൾ ആരംഭിച്ചു. ഇവ വഴി വിറ്റഴിച്ചത് 20 കോടി രൂപയുടെ ഉത്പന്നങ്ങളാണ്. അടുത്ത സാമ്പത്തികവർഷവും ഇത്തരം സ്റ്റാളുകൾ കൂടുതൽ വ്യാപകമാക്കാൻ ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നു.
ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള ഭാരത് ഗൗരവ് ട്രെയിനുകൾ കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് 42 സർവീസുകൾ നടത്തി. ഇതുവഴി ലഭിച്ച വരുമാനം 32 കോടി രൂപയാണ്. അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ആകെ 116 സ്റ്റേഷനുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്- 75, കേരളം- 35, പുതുച്ചേരി- മൂന്ന്, കർണാടക- രണ്ട്, ആന്ധ്രാപ്രദേശ്- ഒന്ന് എന്നിങ്ങനെയാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റേഷനുകളുടെ എണ്ണം. 2023 – 24 കാലയളയിൽ ആകെ 191 കിലോമീറ്റർ റൂട്ട് വൈദ്യുതീകരിച്ചു. ഷൊർണൂർ -നിലമ്പൂർ (66 കിലോമീറ്റർ), ഭഗവതിപുരം-ഇടമൺ (33 കിലോമീറ്റർ), മധുര-ബോഡിനായ്ക്കന്നൂർ (90 കിലോമീറ്റർ), മംഗളൂരു-പാഡിൽ ( രണ്ടു കിലോമീറ്റർ) എന്നീ വൈദ്യുതീകരണപദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.
ആരക്കോണം -ജോലാർപേട്ട റൂട്ടിൽ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററിൽനിന്ന് 145 ആയി ഉയർത്തി. വിവിധ റൂട്ടുകളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന 75 സ്ഥലങ്ങളിലെ വേഗതാ തടസങ്ങൾ ശാശ്വതമായി പരിഹരിച്ചു. ഇതുവഴി 170 ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ കഴിഞ്ഞതായും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.