ആടുജീവിതം കണ്ട് അനുഭവിച്ചറിഞ്ഞു. ഈ ഒരു സിനിമയിലൂടെ യഥാർഥ നജീബിനെ കാണിച്ചും അറിയിച്ചും തന്ന ബെന്ന്യാമിനും ബ്ലെസി സാറിനും പ്രിഥ്വിരാജിനും ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും നന്ദി. അതിജീവന സിനിമകൾ കാണാൻ എനിക്ക് ഭയങ്കര പേടിയാണ്. കാരണം അനുഭവിച്ചത് മനുഷ്യർ ആണല്ലോ എന്നു സിനിമ കാണുമ്പോൾ ഇടയ്ക്കൊക്കെ ഓർമ വരും എന്നുള്ളതുകൊണ്ട്.
പക്ഷെ നജീബ് എന്ന ആ പാവം മനുഷ്യനെ സിനിമ പ്രൊമോഷന്റെ സമയത്തു കണ്ടത് മുതൽ അദ്ദേഹത്തെ സിനിമയിലൂടെ കാണണം എന്നു തോന്നി. അദ്ദേഹത്തിന്റെ അനുഭവങ്ങൾ കണ്ട് തന്നെ അറിയണം എന്നു തോന്നി.
എന്റെ പ്രതീക്ഷ തെറ്റിയില്ല. സിനിമയിലുടനീളം പൃഥ്വിരാജ് എന്ന നടനെ അല്ല ഞാൻ കണ്ടത്. ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഇരിക്കാൻ പറ്റിയില്ല.
നജീബ് ആയിരുന്നു എന്റെ കണ്ണിലും മനസിലും എല്ലാം. ഒരു തുള്ളി വെള്ളത്തിന്റെ വിലയും ഒറ്റപ്പെടലിന്റെ വേദനയും അങ്ങനെ നമ്മൾക്ക് ലൈഫിൽ വിലമതിക്കാത്ത പലതും, അമ്മയുണ്ടാക്കുന്ന ഒരു കഷ്ണം കണ്ണിമാങ്ങ അച്ചാർ പോലും എത്ര വിലപ്പെട്ടതാണ് എന്നു നജീബ് കാണിച്ചു തന്നു. -ഷീലു ഏബ്രഹാം