തൃശൂർ: കരുവന്നൂരിലെ ഇഡി അന്വേഷണത്തിൽ സിപിഎം പുറത്തുകാട്ടുന്ന ഭയം അവർക്ക് ഉള്ളിൽ ഇല്ലെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. ഇഡി അന്വേഷണത്തിൽ സിപിഎമ്മും ബിജെപിയുമായി ഡീൽ നടന്നു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ സിപിഎമ്മിന് ഇപ്പോഴത്തെ ഇഡി അന്വേഷണത്തിൽ പേടിയില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്ന് പിണറായി വിജയൻ തൃശൂർ സിപിഎം ഓഫീസിലെത്തി പറഞ്ഞത് ഇതിന്റെ വ്യക്തമായ തെളിവാണെന്നും മുരളി പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകും മുന്പ് പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിപണ്ഡപത്തിൽ പ്രാർത്ഥിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളി. കരുവന്നൂർ കേസിൽ ഇതുവരെയും പ്രധാനപ്പെട്ട നടപടികളിലേക്ക് ഒന്നുംതന്നെ കടക്കാതിരുന്ന ഇഡി ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയത് ഡീലിന്റെ ഭാഗമാണെന്ന് മുരളി ആവർത്തിച്ചു. കരുവന്നൂരിൽ ഒരിക്കലും ഇഡി വലിയ നടപടികളിലേക്ക് കടക്കില്ലെന്ന് മുരളി തറപ്പിച്ചു പറഞ്ഞു.
കേരളത്തിൽനിന്ന് രണ്ടു സീറ്റ് എന്ന ലക്ഷ്യമിട്ടാണ് ഈ ഡീലെന്നും മുരളി പറഞ്ഞു. ഇഡിയുടെ ലക്ഷ്യം മോദിക്കായി ഒന്നോ രണ്ടോ പേരെ കേരളത്തിൽനിന്നും പാർലമെന്റിലേക്ക് അയക്കുക എന്നതാണ്. ആ ലക്ഷ്യമാണ് ഇപ്പോൾ സിപിഎം നേതാക്കൾക്ക് നൽകിയ നോട്ടീസിനു കാരണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
തൃശൂർ, തിരുവനന്തപുരം സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത് മുരളി ചൂണ്ടിക്കാട്ടി. എന്നാൽ ഈ ഡീലിനെ താൻ ഭയപ്പെടുന്നില്ലെന്നും തൃശൂരിൽ തന്റെ വിജയം ഉറപ്പാണെന്നും മുരളി പറഞ്ഞു. ഇത്തരം ഡീൽ കണ്ടുതന്നെയാണ് താൻ മത്സരത്തിന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നും വോട്ടർപട്ടികയിൽ പേരുള്ള ആരുടെയും വോട്ടുകൾ വേണ്ടെന്ന് പറയില്ലെന്നും മുരളി വ്യക്തമാക്കി. എസ്ഡിപിഐ ഓരോ കാലത്തും ഓരോരുത്തരെയാണ് പിന്തുണച്ചിട്ടുള്ളത്. നേമത്ത് അവർ ശിവൻകുട്ടിയെയാണ് പിന്തുണച്ചത്.
എസ്ഡിപിഐ പിന്തുണയെക്കുറിച്ച് സംസാരിക്കാൻ സിപിഎമ്മിന് ഒരു അവകാശവുമില്ല. ശിവൻകുട്ടിക്ക് പിന്തുണ നൽകിയെന്ന കാര്യം എസ്ഡിപിഐ പരസ്യമായി പറഞ്ഞതാണെന്നും മുരളി പറഞ്ഞു.മുരളി മന്ദിരത്തിൽ അച്ഛൻ കെ. കരുണാകരന്റെയും അമ്മ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിപണ്ഡപത്തിൽ പ്രാർഥിക്കുന്ന കെ. മുരളീധരൻ