കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണക്കാര്യത്തിൽ യുഡിഎഫ് ഇന്നു നയം വ്യക്തമാക്കും. വ്യക്തികളുടെ വോട്ടുകള്‍ സ്വീകരിക്കാനും എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ വേണ്ടെന്നുവയ്ക്കാനുമാണ് തീരുമാനമെന്നാണു സൂചന. ഇന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും േചര്‍ന്നു തിരുവനന്തപുരത്ത് തീരുമാനം പ്രഖ്യാപിക്കും.
ഏകപക്ഷീയമായി എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. ദേശീയതലത്തില്‍ ബിജെപി ഇതു കോണ്‍ഗ്രസിനെ തിരിച്ചടിക്കാനുള്ള ആയുധമാക്കിയ സാഹചര്യത്തിലാണു പിന്തുണ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്. വോട്ടിനുവേണ്ടി മുസ് ലിം തീവ്രവാദികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയാണെന്ന് ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഇതു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്.കോണ്‍ഗ്രസുമായോ, യുഡിഎഫുമായോ ചര്‍ച്ച നടത്താതെയാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
എന്നാല്‍ മുസ് ലിംലീഗിന്റെ നേതാക്കളുമായി എസ്ഡിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയശേഷമാണു പിന്തുണ പ്രഖ്യാപനം ഉണ്ടായതെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്ത് പൊതുവിലുള്ള യുഡിഎഫ് അനുകൂല സാഹചര്യം ഇല്ലാതാക്കുന്നതിന് എസ്ഡിപിഐ ബന്ധത്തിന്റെ പേരിലുള്ള വിവാദം വഴിവയ്ക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ കരുതുന്നു.
ഇന്നലെ വയനാട്ടില്‍ പത്രിക നല്കാന് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്, രമേശ് ചെന്നിത്തല, എം.എം. ഹസന്, മുസ് ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി എസ്ഡിപിഐ പിന്തുണ ചര്‍ച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണു ധാരണയുണ്ടായത്.