തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണം ഇന്നലെ സമാപിച്ചപ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിനു പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്കു രൂപമാകും. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് – 22. കുറവ് സംവരണ മണ്ഡലമായ ആലത്തൂരിലും – 8.
മാർച്ച് 28നാണ് സംസ്ഥാനത്തു നാമനിർദേശ പത്രികാസമർപ്പണം തുടങ്ങിയത്. അവസാന ദിവസമായ ഇന്നലെ 252 പത്രികകളാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
നാമനിർദേശ പത്രികയുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 22, ആറ്റിങ്ങൽ- 14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര- 14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ- 15, ആലത്തൂർ- 8, പാലക്കാട്- 16, പൊന്നാനി- 20, മലപ്പുറം- 14, കോഴിക്കോട്- 15, വയനാട്- 12, വടകര- 14, കണ്ണൂർ- 18, കാസർഗോഡ്- 13.
സ്വന്തം ലേഖകൻ