തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ആസ്തിരേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
സുരേഷ് ഗോപിക്ക് 40,000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.
1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണു മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും രണ്ടു മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണമുണ്ട്. നാലുകോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം.
2023 – 24 വർഷത്തെ ആദായനികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ പേരിൽ മൂന്നുകോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്.
സുരേഷ് ഗോപിയുടെ പേരിൽ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഏഴു കേസുകളും സ്ഥാനാർഥിയുടെ പേരിലുണ്ട്. 2.53 കോടി രൂപ വിലവരുന്ന എട്ടു വാഹനങ്ങളും തിരുനെൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. 61 ലക്ഷം രൂപ വിവിധ ബാങ്കുകളിൽ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയിൽ വെളിപ്പെടുത്തി.