കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പിതാവ് ടി. ജയപ്രകാശ് ഹൈക്കോടതിയിൽ ഹര്‍ജി നൽകി.
സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു വിട്ട് മാര്‍ച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകള്‍ കൈമാറാതെ താമസിപ്പിച്ചത് ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചിരിക്കുകയായിരുന്ന കുടുംബത്തോട് സത്യസന്ധമല്ലാത്ത സമീപനമാണു സര്‍ക്കാര്‍ പുലര്‍ത്തിയത്.
എന്നാല്‍, നടപടികള്‍ വൈകിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കിയിട്ടില്ലെന്നും കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നുമാണ് അണ്ടര്‍ സെക്രട്ടറി അറിയിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിക്കാനോ കഴിയുമെങ്കില്‍ തടയാനോ ഉള്ള ബോധപൂര്‍വമായ ശ്രമമാണു സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്നാണ് ഇതു വ്യക്തമാക്കുന്നത്.
വിവാദമായതോടെ രേഖകളുടെ തര്‍ജമ പൂര്‍ത്തിയാക്കി ഇവ കേന്ദ്രത്തിന് അയച്ചതായാണ് അറിയുന്നത്. അതിനാല്‍, എത്രയും വേഗം അന്വേഷണം ഏറ്റെടുക്കാന്‍ നിര്‍ദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.