കൊച്ചി: വാട്സ് ആപ് ടിക്കറ്റിനു പിന്നാലെ ജനപ്രിയ ആപ്പുകള്‍ വഴി കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കാൻ സൗകര്യമൊരുക്കി കെഎംആര്‍എല്‍. പേടിഎം, ഫോണ്‍പേ, യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.
ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി.
ചെന്നൈ മെട്രോയ്ക്കു പിന്നാലെ ഒഎന്‍ഡിസിയുമായി സഹകരിക്കുന്ന രണ്ടാമത്തെ മെട്രോയാണ് കൊച്ചി മെട്രോ. ചെന്നൈ മെട്രോ മൂന്ന് ആപ്പുകളില്‍നിന്നാണു ടിക്കറ്റ് ലഭ്യമാക്കുന്നതെങ്കില്‍ കൊച്ചി മെട്രോയ്ക്ക് അഞ്ച് ആപ്പുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
അധിക ചാര്‍ജില്ലാതെ ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കിയാണ് ആപ്പുകള്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്. ഭാവിയില്‍ ഗൂഗിള്‍ മാപ്പില്‍നിന്നും യൂബറില്നിന്നും ഈസ്മൈട്രിപ്പില്നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ആലോചിക്കുന്നുണ്ട്.
ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രമോഷന് ഡിപ്പാര്‍ട്ട്മെന്റ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി സഞ്ജീവ്, ഡോ. ബിജോയ് ജോണ്‍, ഒഎന്‍ഡിസി എംഡി ടി.കോശി, കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, പേടിഎം ചീഫ് ബിസിനസ് ഓഫീസര്‍ അഭയ് ശര്‍മ, ഫോണ്‍പേയിലെ ചീഫ് ബിസിനസ് ഓഫീസര്‍ യുവരാജ് സിംഗ് ഷെഖാവത്ത്, റാപ്പിഡോയുടെ സഹസ്ഥാപകനായ പവന് ഗുണ്ടുപള്ളി, റെഡ്ബസിന്റെ സിഇഒ പ്രകാശ് സംഗം തുടങ്ങിയവര്‍ പങ്കെടുത്തു.