ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യുസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണു പന്നിവൃക്ക സ്വീകരിച്ചത്.
മസാച്യുസെറ്റ്സിലെ ജനറൽ ആശുപത്രിയിൽ മാര്‍ച്ച് 16നായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യേണ്ടിവന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവയ്ക്കലിനായി നൽകിയത്.
2018ൽ വൃക്ക മാറ്റിവച്ച വ്യക്തിയാണ് സ്ലേമാൻ. അതു പ്രവർത്തനരഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ടു രോഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടു മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്നു മസ്തിഷ്ക മരണം സംഭവിച്ചവരിലാണു പന്നിവൃക്ക മാറ്റിവച്ചത്.