കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ പുറത്തെടുത്തു. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് അപൂര്‍വമായ നേട്ടമാണ്. കോട്ടയം സ്വദേശി 24കാരനായ ജോ ആന്റണിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.
വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. നാല് വർഷം മുൻപാണ് ഇയാൾക്ക് ട്യൂമർ ആണെന്ന് അറിഞ്ഞത്.
ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായാണ് ട്യൂമർ കണ്ടെത്തിയത്. പിന്നീടത് ക്യാൻസർ ആണെന്നും തിരിച്ചറിഞ്ഞു. തുടർന്ന് കീമോ ചെയ്തു വരികയായിരുന്നു. എന്നാൽ ട്യൂമർ അനുദിനം വളർന്നു വന്നതേടെ ശ്വാസം എടുക്കുന്നതിനു പോലും യുവാവിന് ബുദ്ധിമുട്ടായി.
കൈ അനക്കുന്നതിനോ, നടക്കുന്നതിനോ സാധിച്ചികുന്നില്ല. ഇടയ്ക്ക് ട്യൂമറിൽ നിന്നും വെള്ളം കുത്തിയെടുക്കുന്പോൾ തെല്ലൊരു ആശ്വാസം ലഭിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസത്തിനു ശേഷം വീണ്ടും പഴയപടിയാകുന്നു.
വെല്ലൂര്‍, മണിപ്പാല്‍ തുടങ്ങിയ ആശുപത്രികളില്‍ പോയെങ്കിലും ട്യൂമർ എടുത്ത് കളയുന്നത് യുവാവിന്റെ ജീവന് ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവരും കൈയൊഴിഞ്ഞു. അങ്ങനെയാണ് അവര്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തുന്നത്. ഡോ. ജയകുമാറിനെ കണ്ട് തങ്ങളുടെ മകന്റെ ദയനീയവസ്ഥ രക്ഷകര്‍ത്താക്കള്‍ അറിയിച്ചു. അങ്ങനെ അദ്ദേഹം വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു.
മാർച്ച് 25ന് 12 മണിക്കൂറോളമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. 20 ലിറ്റര്‍ ഫ്ളൂയിഡും 23 ലിറ്റര്‍ മാംസവുമുള്ള ആകെ 43 കിലോ ഭാരമുള്ള ട്യൂമറാണ് ഡോ. ജയകുമാറും സംഘവും നീക്കം ചെയ്തത്.